ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തര്‍ക്കത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്ക് കൈയ്യില്‍ പരിക്കേറ്റു. ഗ്ലാസ് മേശപ്പുറത്ത് ആഞ്ഞടിച്ചതാണ് ബാനര്‍ജിയുടെ പരിക്കിന് കാരണമായത്. വഖഫ് ബോര്‍ഡ് ബില്ലിലെ ഭേദഗതികള്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബില്ല് ഭേഗഗതിയുമായി കല്‍ക്കട്ട ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായയുമായി തര്‍ക്കിക്കുന്ന തിനിടെ ദേഷ്യം വന്ന ബാനര്‍ജി തന്റെ മുന്‍പിലിരുന്ന ഒരു ഗ്ലാസ് ബോട്ടില്‍ മേശപ്പുറത്ത് ആഞ്ഞടിക്കുകയും തുടര്‍ന്ന് കൈ വിരലുകള്‍ മുറിയുകയുമായിരുന്നു. വലതു കൈയ്യിലാണ് പരിക്കേറ്റത്.
അദ്ദേഹത്തിന്റെ വലതു തള്ളവിരലിന് 1.5 സെന്റീമീറ്റര്‍ പൊട്ടലുണ്ടെന്നും ചെറുവിരലിലെ മുറിവുണ്ടെന്നും കണ്ടെത്തിയതോടെ പ്രഥമശുശ്രൂഷ നല്‍കിയശേഷം അദ്ദേഹത്തെ പാര്‍ലമെന്റിന്റെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി മതിയായ ചികിത്സ നല്‍കി. അതേസമയം, സമിതിയുടെ ഒരു സിറ്റിംഗില്‍ നിന്ന് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.