
ഈഗോ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകാറുള്ള ഇടമാണ് സിനിമാ ലോകം. അത്തരത്തിൽ സൂപ്പർതാരങ്ങളുടെ ഈഗോയിൽ അവസരം നഷ്ടപ്പെട്ടവർ ഏറെയാണ്. ഇതിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനും പറ്റും. അതേസമയം സൂപ്പർതാര പദവി ലഭിച്ച നടിമാരെ വലിയ രീതിയിൽ ഇത് ബാധിക്കാറില്ല. ഇതിലൊരാളാണ് നയൻതാര. എതിർപ്പുകളുണ്ടെങ്കിലും നയൻതാരയുടെ താരമൂല്യത്തെ മിക്കവർക്കും അംഗീകരിക്കേണ്ടി വരാറുണ്ട്.
എന്നാൽ നയൻതാരയ്ക്ക് പോലും സൂപ്പർതാരത്തിന്റെ ഇടപെടലിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് മറ്റാരുമല്ല, തെലുങ്ക് സൂപ്പർതാരം അല്ലു അർജുനാണിത്. അല്ലു അർജുന്റെ നായികയാകാൻ നാല് സിനിമകളിൽ നിന്ന് നയൻതാരയ്ക്ക് അവസരം വന്നതാണ്. എന്നാൽ അല്ലു അർജുൻ നയൻതാര നായികയായി വേണ്ടെന്ന് തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ഒരു അവാർഡ് ദാനത്തിനിടെയുണ്ടായ സംഭവമാണ് ഇതിന് കാരണം.
ആ വർഷം മികച്ച തമിഴ് നടിക്കുള്ള സൈമ പുരസ്കാരം നയൻതാരയ്ക്കായിരുന്നു. അല്ലു അർജുനാണ് പുരസ്കാരം നൽകാൻ വേദിയിലെത്തിയത്. പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയ നയൻതാര അല്ലു അർജുനിൽ നിന്നല്ല, മറിച്ച് വിഘ്നേശ് ശിവനിൽ നിന്ന് പുരസ്കാരം വാങ്ങാനാണ് താനാഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഇതിന് അല്ലു അർജുന്റെ സമ്മതവും വാങ്ങി. വിഘ്നേശ് ശിവൻ വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരവും നൽകി.
അല്ലു അർജുൻ അപ്പോഴും വേദിയിൽ നിൽക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നയൻതാരയ്ക്ക് നേരെ വ്യാപക വിമർശനങ്ങൾ വന്നു. അല്ലു അർജുനെ വേദിയിൽ കയറ്റി അപമാനിക്കേണ്ടിയിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ സംഭവം നടക്കുമ്പോൾ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരല്ല, പ്രണയത്തിലാണ്. സ്വന്തം പ്രണയം നാട്ടുകാരെ കാണിക്കാൻ മറ്റൊരു താരത്തെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും ആക്ഷേപം വന്നു.
നയൻതാരയുടെ അന്നത്തെ ഷോ ഓഫിനുള്ള പ്രതികാരമായാണ് അല്ലു അർജുൻ സിനിമകളിൽ നിന്ന് നടിയെ ഒഴിവാക്കിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. വിഘ്നേശ് ശിവനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് നയൻതാര ഒന്നിലേറെ തവണ തുറന്ന് സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കുറേക്കൂടി താൻ ഗൗരവമായി കണ്ടതെന്ന് നയൻതാര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വിഘ്നേശിനോടുള്ള സ്നേഹം അവാർഡ് വേദിയിൽ പ്രകടിപ്പിച്ചത് ഒരു തരത്തിൽ നയൻതാരയ്ക്ക് വിനയായി എന്ന് തന്നെ പറയാം.
അതേസമയം, പൊതുവെ ഈഗോയുള്ള താരമാണ് നയൻതാരയെന്ന് വിമർശകരിൽ പലരും പറയാറുണ്ട്. നടി മംമ്ത മോഹൻദാസിന്റെ ഗാന രംഗം കുചേലൻ എന്ന സിനിമയിലുണ്ടാകാതിരിക്കൻ നയൻതാര നടത്തിയ ശ്രമത്തെക്കുറിച്ച് മംമ്ത തന്നെ അടുത്ത കാലത്ത് തുറന്ന് പറയുകയുണ്ടായി. കൂടാതെ തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏത് നടിയാണ് മികച്ച സിനിമകൾ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ആരുടെയും പേര് പറയാൻ നയൻതാര തെയ്യാറായിരുന്നില്ല. അങ്ങനെ ആരുമില്ലെന്നാണ് നയൻതാര ഒരിക്കൽ പറഞ്ഞത്.