ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ ചിത്രമാണ് ‘വിക്രം’. ചിത്രത്തിൽ സൂര്യ അതിഥി താരമായി എത്തിയിരുന്നു. ‘റോളക്സ്’ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രേക്ഷകർ ഈ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ, റോളക്സിന് പ്രാധാന്യമുള്ള ഒരു തമിഴ് ചിത്രം ലോകേഷ് കനകരാജ് ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇതോടൊപ്പം സൂര്യ നായകനാകുന്ന മറ്റൊരു സിനിമയും ലോകേഷ് ഒരുക്കുന്നു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ‘ഇരുമ്പുകൈ മായാവി’ എന്ന ചിത്രത്തിൽ സൂര്യ നായക കഥാപാത്രമായി എത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. ഈ സിനിമയുടെ സംഭവവികാസങ്ങളെക്കുറിച്ച് ലോകേഷ് കനകരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ സഹോദരൻ സൂര്യക്കായി കഥയെഴുതാൻ ആദ്യം പറഞ്ഞത് കാർത്തിയാണെന്ന് ലോകേഷ് പറഞ്ഞു. തുടർന്ന് കഥ വികസിപ്പിച്ചു. അത് ഭാവിയില്‍ താൻ എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ നായകൻ സൂര്യ ആകും എന്നും സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു.
ഇതിനോടൊപ്പം, തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്ന മറ്റൊരു സൂര്യ ചിത്രമാണ് ‘കങ്കുവ.’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 26ന് വൈകുന്നേരം ആറുമണിക്ക് സംഘടിപ്പിക്കും. നിരവധി താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ സംവിധായകൻ സിരുത്തൈ ശിവ നിരവധി സർപ്രൈസുകൾ ഉണ്ടാകുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ആമസോൺ പ്രൈം വീഡിയോയാണ് ‘കങ്കുവ’യുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ‘കങ്കുവ’ എന്ന ചിത്രം തന്റെ കരിയറിലെ വലിയ അനുഗ്രഹമാണെന്നും ചിത്രീകരണം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ടതായിരുന്നുവെന്നും സൂര്യ പറയുകയുണ്ടായി. 150 ദിവസത്തിലധികം നീണ്ട ചിത്രീകരണത്തിന് ശേഷമാണ് ‘കങ്കുവ’ പൂർണ്ണതയിലെത്തിയതെന്നും, പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.