തിരുവനന്തപുരം : കേരളം ലഹരി മാഫിയയുടെ പിടിയിൽ. പറയുന്നത് മറ്റാരുമല്ല , മന്ത്രി. എം.ബി രാജേഷ്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. കെ. ശാന്തകുമാരി എം എൽ എ ആണ് ചോദ്യം ഉന്നയിച്ചത്. കഞ്ചാവും സിന്തറ്റിക്ക് ഡ്രഗുകളായ എംഡി എം എ , എൽ എസ് ഡി , മെത്ത ഫിറ്റമിൻ, നൈട്രേസെഫാം, ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് അധികമായി കണ്ടെടുത്തു വരുന്നത്. 2014 മുതൽ 855194 പരിശോധനകൾ എക്സൈസ് വകുപ്പ് നടത്തി.
കണ്ടെത്തിയ മയക്കു മരുന്നുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ 544 കോടി രൂപയുടെ മതിപ്പ് വിലയുണ്ടെന്നും എം.ബി രാജേഷ് വ്യക്തമാക്കി. കേസുകളിൽ ഉൾപ്പെട്ടവരുടെ ശരാശരി പ്രായം 18 നും 40 നും ഇടയിലാണ്. 154 സ്ക്കൂൾ കുട്ടികൾ ഇത്തരം കേസുകളിൽ പ്രതിയാണ്. യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടി “വിമുക്തി ” പരാജയപ്പെട്ടു എന്ന് എം.ബി രാജേഷിൻ്റെ കണക്കുകളിൽ നിന്ന് വ്യക്തം.
66.74 കോടി രൂപയാണ് വിമുക്തിക്ക് വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിച്ചത്. ഇതിൽ 8.62 കോടിയും പത്രങ്ങൾക്ക് പരസ്യം നൽകിയതാണ്. പത്ര പരസ്യം കണ്ട് ആരെങ്കിലും ലഹരി വിമുക്തരായിട്ടുണ്ടോ എന്ന ചോദ്യം ബാക്കി. ശമ്പളവും മറ്റ് അനുബന്ധ ചെലവുകൾക്കും 34.17 കോടി ചെലവായി. അതിഥി തൊഴിലാളികൾക്കും സർക്കാർ ബോധവൽക്കരണം നടത്തി.
7.22 ലക്ഷം ഇതിനും ചെലവായി. ഇങ്ങനെ കോടികൾ ഖജനാവിൽ നിന്ന് പോയത് മാത്രം മിച്ചം. ലഹരി വരുന്ന വഴികൾ അടയ്ക്കുകയോ പ്രധാന ലഹരി സപ്ലൈയേഴ്സിനെ പൊക്കുകയോ സർക്കാർ ചെയ്യുന്നില്ല. ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതിൽ ഒന്നാം പ്രതി സർക്കാർ തന്നെ. അച്ചടി ഭാഷ പറയുന്ന എം.ബി രാജേഷ് എക്സൈസ് വകുപ്പിൽ പൂർണ്ണ പരാജയം ആണ് എന്ന് വിളിച്ചോതുന്നതാണ് നിയമസഭയിൽ മന്ത്രി തന്നെ പുറത്ത് വിട്ട കണക്കുകൾ.