
ലോകകപ്പിൻ്റെ ചരിത്രത്തിലാദ്യമായി മൂന്നുരാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിൻ്റെ മത്സരചിത്രം തെളിഞ്ഞു. 2026 ജൂൺ 11-ന് മത്സരം ആരംഭിക്കും. മെക്സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടമത്സരം. മത്സരക്രമം ഉടൻ ഫിഫ പുറത്തുവിടും.
യു.എസ്., കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ 13 നഗരങ്ങളിലായാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയശേഷമുള്ള ആദ്യലോകകപ്പാണിത്.
യു.എസിലെ ആദ്യമത്സരം ജൂൺ 12-ന് ലോസ് ആഞ്ചലോസിലും കാനഡയിലെ മത്സരം 12-ന്. ടൊറന്റോയിലുമായിരിക്കും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് ഒൻപതിന് തുടങ്ങും. ജൂലായ് 19-ന് ന്യൂയോർക്ക് അല്ലെങ്കിൽ ന്യൂജേഴ്സിയിലായിരിക്കും ഫൈനൽ.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ്, കാണികളുടെ എണ്ണത്തിലും ചരിത്രം കുറിക്കുമെന്നാണ് ഫിഫ അധികൃതർ കരുതുന്നത്. നേരിട്ടും മറ്റു മാധ്യമങ്ങളിലൂടെയുമായി 500 കോടിയോളം ആളുകൾ മത്സരം കാണുമെന്നാണ് കണക്കുകൂട്ടൽ. ലോകകപ്പിൻ്റെ ടിക്കറ്റുവിൽപ്പനയും ഉടനെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.