നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. രജനികാന്ത് ചിത്രം ‘വേട്ടയ്യനും’ ബോക്സ്ഓഫിസിൽ പരാജയപ്പെട്ടതോടെയാണ് ലൈകയ്ക്ക് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. 300 കോടി ബജറ്റിൽ നിർമിച്ച രജനികാന്ത് ചിത്രത്തിന് ഇതുവരെ 200 കോടി മാത്രമാണ് നേടാനായത്.
അതേസമയം, 100 കോടിക്ക് മുകളിലാണ് ഇതിലൂടെ ലൈക പ്രൊഡക്ഷൻസിന് നഷ്ടം ഉണ്ടായിരിക്കുന്നത്. അതിനാൽ രജനികാന്തിന് മുന്നിൽ നിര്‍മാണക്കമ്പനി പുതിയ നിബന്ധന വച്ചതായാണ് പുറത്തുവരുന്ന വിവരം. ‘വേട്ടയ്യനി’ലൂടെയുണ്ടാകുന്ന നഷ്ടം നികത്താൻ തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്നാണ് ലൈക പ്രൊഡക്ഷൻസിന്റെ ആവശ്യം. കൂടാതെ രജനികാന്തിന്റെ പ്രതിഫലം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് മുൻപ് ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി ലൈക പ്രൊഡക്ഷൻസ് നിര്‍മിച്ച ചിത്രങ്ങള്‍. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായിരുന്നില്ല.