തിരുവനന്തപുരം : കേരളിയത്തിൻ്റെ വീഡിയോ പോസ്റ്റർ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പ്രദർശിപ്പിച്ചെന്ന് മുഖ്യമന്ത്രി. 8.29 ലക്ഷം രൂപ ഇതിന് ചെലവായെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. ബിഗ് സ്ക്രീൻ ബൂസ്റ്റേഴ്സിനാണ് 8.29 ലക്ഷം നൽകിയത്. ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ പരിപാടിയിൽ പഴയ ഇരുമ്പ് കസേര ആയിരുന്നു പിണറായിക്ക് ഇരിക്കാൻ നൽകിയത്. സോഷ്യൽ മീഡിയയിൽ പഴയ ഇരുമ്പ് കസേരയിൽ ഇരുന്ന പിണറായിയുടെ ചിത്രം വൈറലായിരുന്നു. 2023 ജൂണിലായിരുന്നു പിണറായി ന്യൂ യോർക്ക് ടൈം സ്ക്വയർ സന്ദർശിച്ചത്. 2023 നവംബറിൽ ആയിരുന്നു കേരളിയം പരിപാടി.
കേരളിയം 2023 ൻ്റെ ചെലവ് സംബന്ധിച്ച എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി. കേരളിയത്തിൻ്റെ മീഡിയ പബ്ളിസിറ്റിക്ക് 25 കോടിയും എക്സിബിഷൻ കമ്മിറ്റിക്ക് 5.43 കോടിയും ഇതുവരെ ചെലവഴിച്ചു. വിവിധ ഏജൻസികൾക്കും വ്യക്തികൾക്കും കേരളിയം പരിപാടിയുമായി ബന്ധപ്പെട്ട് 4.63 കോടി കുടിശികയുണ്ട്. പണം അനുവദിച്ചിട്ടുണ്ട്. കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിച്ച വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പോൺസർഷിപ്പിലൂടെ 11.47 കോടി പി.ആർ ഡി ഡയറക്ടറുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സ്പോൺസർമാരുടെ വിവരങ്ങൾ പതിവ് പോലെ വെളിപ്പെടുത്തിയില്ല. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റിൽ ട്രാൻസാക്ഷൻ റെഫറൻസ് ഐഡി മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നാണ് സ്പോൺസർമാരുടെ പേര് സംബന്ധിച്ച ചോദ്യത്തിനുള്ള പിണറായിയുടെ മറുപടി. സ്പോൺസർമാരുടെ പേരുകൾ പരിപാടി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും വെളിപ്പെടുതാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.