ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് കുറച്ച് ദിവസങ്ങളായി ബോംബ് ഭീഷണികള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) എയര്‍ലൈനുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തി. രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയ ഓഫീസിലാണ് കൂടിക്കാഴ്ച്ച നടന്നത്.
ഇത്തരം ഭീഷണികള്‍ വരുമ്പോള്‍ സ്വീകരിച്ച നടപടിയെ പറ്റി എല്ലാ പങ്കാളികളെയും ബോധവല്‍ക്കണമെന്നും ബോംബ് ഭീഷണി നേരിടാന്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും ബിസിഎഎസ് അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പതിലധികം എയര്‍ലൈനുകളാണ് ഭീഷണി നേരിട്ടത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയാണ് ഭീഷണി നേരിടുന്ന മറ്റ് വിമാനക്കമ്പനികള്‍.