കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചീഫ് സെക്രട്ടറി മനോജ് പന്തും ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയും നിരാഹാര സമരം നടത്തുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഫോണിലൂടെയാണ് മമതാ ബാനര്‍ജി ഡോക്ടര്‍മാരുമായി സംസാരിച്ചത്. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും നിങ്ങളുടെ സമരം ആരോഗ്യ സേവനങ്ങളെ ബാധിക്കരുതെന്നും നിരാഹാര സമരം അവസാനിപ്പിക്കണെമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മമതാ വ്യക്തമാക്കി. ഒരു വകുപ്പിലെ എല്ലാവരെയും ഒറ്റയടിക്ക് പുറത്താക്കാന്‍ കഴിയില്ല. ഞങ്ങള്‍ നേരത്തെ ഡിഎച്ച്എസും ഡിഎംഇയും നീക്കം ചെയ്തിരുന്നു. അതിനാല്‍ ഉടനെ ആരോഗ്യ സെക്രട്ടറിയെയും നീക്കം ചെയ്യാനാകില്ലെന്ന് മന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞു.
ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ സഹ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. മരണം വരെ സമരം നടത്തുമെന്ന ഡോക്ടര്‍മാര്‍ ഉറച്ച തീരുമാനത്തില്‍ സര്‍ക്കാരും വലഞ്ഞു. സമരം ശക്തമായതോടെ കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാരുടെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.