സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടർ

കണ്ണൂർ : കണ്ണൂർ : മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. കത്തിലൂടെയാണ് അദ്ദേഹം മാപ്പ് ചോദിച്ചിരിക്കുന്നത്. സബ് കളക്ടറിലൂടെയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കത്ത് കൈമാറ്റം ചെയ്തിരിക്കുന്നത്. മാപ്പ് അപേക്ഷിച്ചകൊണ്ടുള്ള കത്ത് ഇന്ന് രാവിലെയോടെ മലയാലപ്പുഴ വീട്ടിൽ നേരിട്ട് എത്തിച്ചു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും താൻ അതിൽ പശ്ചാത്തപിക്കുന്നതായി കളക്ടർ കത്തിൽ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കളക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറഞ്ഞു.

കളക്ടർക്കെതിരെ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിരമിക്കൽ ചടങ്ങല്ല, മറിച്ച് സ്ഥലം മാറ്റമാണെന്നും യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നും കളക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധുവായ മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. പക്ഷേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറേറ്റിലേ ജീവനക്കാർക്കും കളക്ടറോട് അമർഷം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തോട് നിരാശ പ്രകടിപ്പിച്ചുള്ള കത്ത് കൈമാറിയിരിക്കുന്നത് .

കളക്ടറുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടർക്കെതിരെ പരാതി ലഭിച്ചാലുടൻ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയിൽ ദിവ്യക്കെതിരെ മാത്രമാണ് ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കളക്ടർക്കെതിരെ നവീന്റെ ബന്ധുക്കൾ ആരും തന്നെ ഇതുവരെ പരാതി നൽകിയിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments