
ബംഗ്ലാദേശിനെ തകർത്ത ഇന്ത്യ ഒരിക്കൽ പോലും ന്യൂസീലന്‍ഡിനെതിരെ ഇത്ര വലിയ തോൽവി നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചുകാണില്ല. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലാവാൻ തുടങ്ങിയിരിക്കുകയാണ്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 345 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇതിനോടകം അവര്‍ക്ക് 299 റണ്‍സിൻ്റെ ലീഡായി. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയാണ് മൂന്നാം ദിനം കിവീസിന് കരുത്തായത്. 125 പന്തില്‍ നിന്ന് 104 റണ്‍സുമായി രചിന്‍ ക്രീസിലുണ്ട്. 49 റണ്‍സോടെ ടിം സൗത്തിയാണ് രചിന് കൂട്ട്. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 112 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
മൂന്നിന് 180 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 18 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്‍ഡെല്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (14), മാറ്റ് ഹെന്റി (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഏഴിന് 233 റണ്‍സെന്ന നിലയിലായിരുന്ന കിവീസിനെ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ – സൗത്തി കൂട്ടുകെട്ടാണ് മികച്ച നിലയിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി.
ക്യാപ്റ്റന്‍ ടോം ലാഥം (15), വില്‍ യങ് (33), ഡെവോണ്‍ കോണ്‍വെ (91) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം കിവീസിന് നഷ്ടമായത്.