
പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏതുരംഗമെടുത്താലും കേരളം താഴേക്ക് പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. കടമെടുത്ത് കടമെടുത്ത് സാമ്പത്തിക രംഗത്തെ, ആദ്യം തോമസ് ഐസക്കും ഇപ്പോൾ കെ എൻ ബാലഗോപാലും തകർത്തു കഴിഞ്ഞു. കൂടാതെ സാധനങ്ങളുടെ വിലയെല്ലാം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഒന്നാം സർക്കാരിൽ ലഭിച്ച പ്രതിച്ഛായ ഇപ്പോൾ നഷ്ടപ്പെട്ടു കഴിഞ്ഞു.
അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ന്യായീകരണം നടത്തുന്ന തൊഴിലാളികളുടെ റോളിലേക്ക് മന്ത്രിമാർ മാറിയിരിക്കുകയാണ്. എന്നാൽ ഇന്ന് പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തെ അണികളും സർക്കാരിനെതിരെ രംഗത്തെത്തുന്നതാണ് നാം കാണുന്നത്. ഏറ്റവുമൊടുവിൽ സിപിഎം മൺറോ തുരുത്ത് ലോക്കൽ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിവാദങ്ങൾ പാർട്ടിയുടെയും സർക്കാരിൻ്റെയും പ്രതിച്ഛായ തകർക്കുന്നുവെന്നാണ് സമ്മേളന പ്രതിനിധികൾ പറയുന്നത്.
കൂടാതെ, ഇങ്ങനെ മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി പിരിച്ചുവിടണം തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ പാര്‍ട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂര്‍വം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കഴിയുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഏരിയ ഘടകം നിര്‍ദേശിച്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരനാണ് പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. നേരത്തെ ഓച്ചിറ പടിഞ്ഞാറ് ലോക്കല്‍ സമ്മളനത്തിലും എം വി ഗോവിന്ദനും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിക്ക് ബാധ്യതയാകുന്നത് പോളിറ്റ് ബ്യൂറോ നേതൃത്വം കാണുന്നില്ലെന്നുമായിരുന്നു അന്നുയർന്ന വിമര്‍ശനം. കൂടാതെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.
എന്തായാലും പ്രതിപക്ഷം മാത്രമല്ല അണികൾ വരെ സർക്കാരിനെതിരെ രംഗത്തെത്തുകയാണ്. തുടർഭരണം കിട്ടിയതോടെ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് പിണറായി സർക്കാർ പെരുമാറുന്നത്. കാരണം ജനങ്ങളുടെ ക്ഷേമമല്ല മുഖ്യന്റെയും പരിവാരങ്ങളുടെയും കീശ നിറയണമെന്നതാണ് ഇന്ന് സർക്കാരിന്റെ ലക്ഷ്യം. അതിനാൽ എന്തിലും കൈയിട്ട് വാരാനും ഇക്കൂട്ടർക്ക് മടിയില്ല. എന്നാൽ ഇന്ന് ജനങ്ങളും അണികളുമെല്ലാം അത് തിരിച്ചറിയുന്നുണ്ട്. ഒരിക്കൽ നേതാക്കൾ പറയുന്നതെന്താണോ അത് തൊണ്ട തൊടാതെ അണികൾ വീഴുമായിരുന്നു. എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങൾ സജീവമായ കാലത്ത് അതല്ല അവസ്ഥ. സർക്കാരിന്റെ അഴിമതിയും കെടുംകാര്യസ്ഥതയും ഓരോ ദിനം കഴിയുംതോറും പുറത്തുവരികെയാണ്.