തമിഴ് യുവതാരങ്ങളിൽ പ്രമുഖനാണ് ജീവ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ ബോക്‌സോഫീസ് വിജയങ്ങൾ നേടാൻ താരത്തിനായിട്ടില്ല. എന്നാൽ ഇപ്പോൾ, ജീവ നായകനായെത്തിയ ‘ബ്ലാക്ക്’ ചിത്രം കണക്കുകൾ തിരുത്തി മുന്നേറുകയാണ്.
രജനികാന്തിന്റെ ‘വേട്ടയ്യൻ’ എന്ന ചിത്രവും ജീവയുടെ ‘ബ്ലാക്ക്’ എന്ന സിനിമയും ഒക്ടോബർ 11-നു ഒരേ ദിവസമാണ് തമിഴ്നാട്ടിൽ തീയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോൾ, ‘ബ്ലാക്ക്’ എന്ന ചിത്രത്തിന് ആദ്യ ദിവസത്തേക്കാൾ കൂടുതൽ കളക്ഷനും ബുക്കിങ്ങും ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറെ കാലത്തിനുശേഷമുള്ള ജീവയുടെ മികച്ച തിരിച്ചുവരവ് കൂടിയാണ് ‘ബ്ലാക്ക്.’ മൂന്നാം ദിവസം മുതൽ ചിത്രത്തിന്റെ ഷോകൾ വർധിച്ചെന്നാണ് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. പലയിടങ്ങളിലും ‘ബ്ലാക്ക്’ ചിത്രത്തിന് ‘വേട്ടയൻ’നെക്കാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിൽ ജീവയ്‌ക്കൊപ്പം പ്രിയ ഭവാനി ശങ്കർ, വിവേക് പ്രസന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാഹരൻ ആർ എന്നിവരാണ് ‘ബ്ലാക്ക്’ നിർമിച്ചിരിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ ‘കോഹറൻസി’യുടെ ഔദ്യോഗിക തമിഴ് പതിപ്പാണ് ‘ബ്ലാക്ക്.’
രജനിയുടെ ‘വേട്ടയ്യൻ’ ചിത്രം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ ഇടിവ് അനുഭവിച്ചതായി ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ദിവസങ്ങളിൽ ‘വേട്ടയൻ’14 കോടി മാത്രമാണ് നേടിയത്. എന്നാൽ ആഗോള ബോക്സോഫീസിൽ ചിത്രം 250 കോടി കടന്നിട്ടുണ്ട്.
ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം, ‘ബ്ലാക്കിന്റെ മികച്ച പ്രകടനം വേട്ടയ്യനെ പിന്നിലാക്കാൻ സാധ്യതയുണ്ട്.