
സിനിമാലോകത്ത് താരരാജാക്കന്മാരുടെ ആരാധകർ തമ്മിലുള്ള പോര് പതിവ് കാഴ്ചയാണ്. മോഹൻലാൽ – മമ്മൂട്ടി, വിജയ് – രജനികാന്ത് തുടങ്ങി നിരവധി താരങ്ങളുടെ പോര് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടി നിത്യ മേനന്റെയും സായിപല്ലവിയുടെയും ആരാധകർ തമ്മിലാണ് മുട്ടനടി നടക്കുന്നത്. ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യ മേനനാണ് ലഭിച്ചത്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തിന് പുരസ്ക്കാരം ലഭിച്ചത്.

എന്നാൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യ മേനനല്ല സായിപല്ലവിക്കാണ് കിട്ടേണ്ടിയിരുന്നതെന്നാണ് ഒരുകൂട്ടർ വാദിക്കുന്നത്. ഗാർഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ചെന്നായിരുന്നു ആരാധകരുടെ പരാതി. ഇപ്പോഴിതാ, താൻ പുരസ്കാരത്തിന് അർഹയല്ലെന്ന വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നിത്യ മേനൻ.

“തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമായിരുന്നു. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ പോയിട്ടില്ലെന്നും നിത്യ മേനൻ പറയുന്നു”. “സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ഹെവി പെർഫോമൻസ് എനിക്കും ചെയ്യാൻ കഴിയും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാഗ്രഹമെന്നും നിത്യ മേനോൻ പറയുന്നു”.