സിപിഎമ്മിന്റെ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്; എച്ച്. സലാം എംഎല്‍എ കുടുങ്ങും; വെളിപ്പെടുത്തലുമായി മന്ത്രി വി.എന്‍. വാസവന്‍

അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുത സാമ്പത്തിക ക്രമക്കേട്. സൊസൈറ്റി രൂപീകരിച്ച് 8 വര്‍ഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. സിപിഐഎമ്മിന്റെ ചേതനാ പാലിയേറ്റിവ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയത്.

അമ്പലപ്പുഴ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീകുമാര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് എച്ച്. സലാമിന്റെ ക്രമക്കേടുകള്‍ പുറത്തുവരുന്നത്.

2015 ഡിസംബര്‍ 30 നാണ് എച്ച്. സലാം സെക്രട്ടറിയായി സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. ഓരോ വര്‍ഷവും ബാക്കിപത്രവും വരവ് ചെലവ് കണക്കുകളും പൊതുയോഗത്തില്‍ അവതരിപ്പിക്കണമെന്നാണ് ചട്ടം. ഓഡിറ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ഭരണ സമിതിയിലെ രണ്ടാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തണം.

ഇതിന്റെ പകര്‍പ്പ് പൊതുയോഗത്തിന്റെ തീയതി മുതല്‍ 21 ദിവസത്തിനകം ജില്ലാ രജിസ്റ്റര്‍ മുമ്പാകെ ഫയല്‍ ചെയ്യണമെന്നാണ് ചട്ടമെന്നും വി.എന്‍. വാസവന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

സൊസൈറ്റി ആരംഭിച്ചത് മുതലുള്ള പര്‍ച്ചേസുകള്‍ ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചിട്ടില്ലെന്നും വാസവന്‍ വ്യക്തമാക്കി. അമ്പലപ്പുഴ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശ്രീകുമാര്‍ ചേതനയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. സലാം 22 ലക്ഷം രൂപ എടുത്തതായി ചേതനയുടെ ട്രഷറര്‍ ഗുരുലാല്‍ ആരോപണം ഉന്നയിച്ചിരുന്നതായും പരാതിയില്‍ ഉന്നയിക്കുന്നു. രേഖകള്‍ സഹിതം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ലഭിച്ച പരാതി കഴിഞ്ഞ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുളള പാര്‍ട്ടി തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദിനാണ് അന്വേഷണ ചുമതല. എച്ച് . സലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് വാസവന്റെ നിയമസഭ മറുപടിയും .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments