തിരുവനന്തപുരം : കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യയിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. “ജനപ്രതിനിധിയാകുമ്പോൾ ജനങ്ങളോട് സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകൾ ജനങ്ങൾ പറയും. അങ്ങനെ പറഞ്ഞു കേട്ട ജനകീയ സങ്കടങ്ങൾ ആണെങ്കിൽ പോലും യാത്രയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ജില്ലാ പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന്” സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
“ഇത് സംബന്ധിച്ച് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള എല്ലാ പരാതികളും സർക്കാർ അന്വേഷിക്കുകയും വ്യക്തത വരുത്തുകയും ചെയ്യണമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു”. അതേസമയം, കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. യൂത്ത് ലീഗും ബിജെപിയുമാണ് കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പിപി ദിവ്യ രാജി വയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആത്മഹത്യ പ്രേരണാക്കുറ്റത്തിനൊപ്പം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമർശനവും അഴിമതി ആരോപണവും നവീൻ ബാബുവിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. യാത്ര അയപ്പ് ചടങ്ങിൽ ക്ഷണിയ്ക്കാതെത്തിയ പിപി ദിവ്യ നവീൻ ബാബുവിനെ വിമർശിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.