ഇന്ത്യ – കാനഡ ബന്ധത്തിൽ വിള്ളൽ ; കനേഡിയൻ ഇന്ത്യക്കാർ ആശങ്കയിൽ

കാനഡയിൽ ഖാലിസ്ഥാൻ വാദം ശക്തി പ്രപിച്ചതോടെ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ സംഭവിച്ചിരിക്കുകയാണ് . ഇതോടെ ആശങ്കയിലായിരിക്കുന്നതാകട്ടെ കാനഡയിലുള്ള ഇന്ത്യക്കാരും . രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിനാൽ ഇനി കാനഡയിലുള്ള ഇന്ത്യക്കാർ കാനഡയിൽ തുടരുന്നത് സുരക്ഷിതമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് തന്നെയാണ് ആശങ്കയ്ക്കുള്ള പ്രധാന കാരണവും .

കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് ലോകോത്തര രാജ്യങ്ങളുമായി പരസ്പര സഹകരണത്തിലുള്ള ഒരു സൗഹൃത ബന്ധം സ്ഥാപിച്ച് അത് വഴി , ഇന്ത്യയെ ആക്രമിക്കാനുള്ള മറ്റ് രാജ്യങ്ങളുടെ പദ്ധതികളെ ഇല്ലാതാക്കുക എന്നുള്ളതെന്നാണ് എന്നായിരുന്നു ബിജെപി നേതൃത്വങ്ങൾ പറഞ്ഞ് കൊണ്ടിരുന്നത്. മോദിയുടെ വിദേശ യാത്രകൾ എന്തിന് എന്നുള്ള ചോദ്യത്തിന് പ്രധാനമായി ഉയർത്തി കാണിച്ചിരുന്ന ന്യായീകരണവും ഇത് തന്നെയാണ്.

എന്നാൽ അത്തരം അവകാശവാദങ്ങൾക്കിടെയാണ് ഇപ്പോൾ ഇന്ത്യാ കാനഡ ബന്ധത്തിന്റെ വിള്ളൽ ചർച്ചയാകുന്നത് . ഖലിസ്ഥാൻ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങളെ തുടർന്ന് കാനഡയിലുള്ള ഇന്ത്യൻ ഉദ്യോ​ഗസ്ഥരെ ഇന്ത്യ തിരികെ വിളിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട വിഷയം. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളാണ് ബന്ധം വഷളാക്കാൻ കാരണമായി.

ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇന്ത്യ കാനഡയ്ക്ക് കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകുകയും ചെയ്തു . ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ സ്റ്റുവർട്ട് വീലറെ വിളിച്ചു വരുത്തിയായിരുന്നു പ്രതിഷേധമറിയിച്ചത്.‌‌‌‌‌ പിന്നാലെ ഇരു രാജ്യങ്ങളും ആറു നയതന്ത്ര പ്രതിനിധികളെ വീതം പുറത്താക്കി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചു.

കനേഡിയൻ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റ്യുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബേർട്ട് എന്നിവരടക്കം ആറ് നയതന്ത്ര പ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ച രാത്രി 12-നുമുൻപായി ഇന്ത്യ വിടണമെന്നാണ് ഇവർക്കുള്ള നിർദേശം. കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി. കാനഡ സർക്കാരിൽ വിശ്വാസമില്ലെന്നും ഇന്ത്യൻസ്ഥാനപതി സഞ്ജയ് കുമാർ വർമ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ കാനഡയ്ക്ക് കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതോടെ 2020 മുതൽ മോശമായിക്കൊണ്ടിരുന്ന ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതൽ ഉലഞ്ഞു.

നിജ്ജർ വധക്കേസിൽ ഹൈക്കമ്മിഷണർ അടക്കമുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ തത്‌പരകക്ഷികളാണെന്നാരോപിച്ച് (പേഴ്‌സൺസ് ഓഫ് ഇന്ററസ്റ്റ്) കനേഡിയൻ സർക്കാർ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചതോടെയാണ് വിദേശമന്ത്രാലയം കടുത്ത നിലപാടെടുത്തത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പേരെടുത്താണ് വിമർശിച്ചത്.

ദീർഘകാലമായി ട്രൂഡോ സർക്കാർ ഇന്ത്യയോട് വിദ്വേഷം വെച്ചുപുലർത്തുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഈ അപഹാസ്യ നീക്കങ്ങളെന്നും കൂട്ടിച്ചേർത്തു. നയതന്ത്രതലത്തിൽ ഇതിന് യുക്തമായ പ്രതികരണത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രൂഡോ ഗവൺമെന്‍റ് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നിരന്തരം പയറ്റുന്ന ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയുടെ ഭാഗമാണ് ഇന്ത്യൻ ഹൈക്കമിഷനെ കുറ്റപ്പെടുത്തുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ട്രൂഡോ സർക്കാർ ബോധപൂർവം തീവ്രവാദികൾക്കും ഭീകരർക്കും ഇടം നൽകിയിട്ടുണ്ട്. കാനഡയിൽ താമസിക്കുന്ന മത തീവ്രവാദികള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ഇന്ത്യ നിരന്തരം പരാതി നല്‍കിയിട്ടും നടപടി എടുക്കാൻ കനേഡിയൻ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തിരുന്നു.

അതേസമയം, ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം കാനഡയിലുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ കാനഡയിലുണ്ട്. കുടിയേറ്റ നയങ്ങളിൽ കാനഡ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കാരണം അന്താരാഷ്ട്ര വിദ്യാർഥികൾ പ്രതിസന്ധിയിലാണ്. സ്റ്റഡി പെർമിറ്റുകൾ പരിമിതപ്പെടുത്തിയതും സ്ഥിരതാമസിത്തുനള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായത്. പുതിയ നയങ്ങൾ കാരണം 70,000ത്തിലധികം ബിരുദ വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇതിനിടയിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments