തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂര്‍ പൂരദിനത്തില്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷിന്റെ പരാതിയിൽ തൃശൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂരം അലങ്കോലമായതിനെ തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുക്കാൻ രാത്രിയിൽ സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലൻസിൽ എത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. രോഗികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ആംബുലൻസ് അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി ചർച്ചയ്ക്ക് എത്തിയത്. മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ല. അതിനാൽ തന്നെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.