രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ ലംഘനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത് മതസ്വന്തത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഭാഗമായിട്ടാണ് മദ്രസകൾക്ക് നൽകിവരുന്ന ധനസഹായം നിർത്തലാക്കണമെന്ന തീരുമാനം. സംസ്ഥാനത്തുൾപ്പെടെയുള്ള ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സർക്കാർ സാമ്പത്തിക സഹായം ഇല്ലാതെയാണ്. മത പഠനത്തോടൊപ്പം തന്നെ സ്കൂള്‍ വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പോലെ കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മതേതര വിരുദ്ധ നടപടിയാണിത്. രാജ്യത്തിന്റെ ബഹുസ്വരതയും സൗഹൃദാന്തരീക്ഷവും തകർത്ത് ഏകീകൃത ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്നും യാതൊരു കാരണത്താലും ഇത് അനുവദിക്കില്ലെന്നും കെ.സുധാകരന് കൂട്ടിച്ചേർത്തു.