വി.പി. ജോയി: സംസ്ഥാനത്ത് ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍; മാസം ആറുലക്ഷം രൂപ വാങ്ങുന്ന ഉദ്യോഗസ്ഥന്റെ ചുമതലകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

മുൻ ചീഫ് സെക്രട്ടറിക്ക് ശമ്പളവും പെൻഷനും ഒരുമിച്ച് കിട്ടാൻ മുഖ്യമന്ത്രിയുടെ കൈവിട്ട കളി, ധനവകുപ്പ് എതിര്‍പ്പ് മറികടക്കാന്‍ മന്ത്രിസഭ യോഗത്തില്‍ കൊണ്ടുവന്ന് പാസാക്കി പിണറായി വിജയൻ

തിരുവനന്തപുരം: കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡിന്റെ ചെയര്‍പഴ്സനായി നിയമിതനായ വി.പി. ജോയിക്ക് ശമ്പളത്തോടൊപ്പം പെന്‍ഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ തീരുമാനം.

ചട്ടപ്രകാരം പെന്‍ഷന്‍ കുറച്ചുള്ള തുകയാണ് ശമ്പളമായി നല്‍കേണ്ടത്. ചട്ടപ്രകാരം ധനവകുപ്പ് തള്ളിയ തീരുമാനം മന്ത്രിസഭ യോഗത്തില്‍ വച്ച് പാസാക്കി എടുക്കുകയായിരുന്നു. ഇതോടെ വി.പി.ജോയിക്ക് പ്രതിമാസം ശമ്പളമായി 6 ലക്ഷം രൂപ ലഭിക്കും. ചീഫ് സെക്രട്ടറി ഗ്രേഡില്‍ ശമ്പളവും വിരമിച്ച തീയതിയിലെ പെന്‍ഷനും വി.പി ജോയിക്ക് ലഭിക്കും. KSR III Rule 100 ബാധകമാകേണ്ട, എന്ന തീരുമാനം കേരള ചരിത്രത്തില്‍ ആദ്യമാണ്.

ശമ്പളത്തില്‍ പെന്‍ഷന്‍ കുറക്കേണ്ട എന്ന തീരുമാനത്തില്‍ ഖജനാവിന് നഷ്ടം കോടികള്‍. അതായത് 4 ലക്ഷം ശമ്പളം, 2 ലക്ഷം പെന്‍ഷന്‍. ചീഫ് സെക്രട്ടറിയുടെ ഇതര സൗകര്യങ്ങളും. ജോലി വര്‍ഷം 100 -200 ഇന്റര്‍വ്യൂ നടത്തല്‍. ഇതിന് ചെയര്‍മാനും 4 അംഗങ്ങളും (അവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ ). അവര്‍ക്കും പെന്‍ഷന്‍. അതായത് വാര്‍ഷിക ശമ്പള ചിലവ് മാത്രം 2.3 കോടി. ചീഫ് സെക്രട്ടറി റാങ്കിലാണ് ജോയിയുടെ പുതിയ നിയമനം.

ഔദ്യോഗിക വസതി, വാഹനം, പോലിസ്, പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി ചീഫ് സെക്രട്ടറിക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ജോയിക്ക് ലഭിക്കും. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥനായി വി.പി. ജോയി മാറി.

പ്രതിമാസം 6 ലക്ഷം ശമ്പളം വാങ്ങിക്കുന്ന ജോയിക്ക് എടുത്താല്‍ പൊങ്ങാത്ത ജോലിയുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. പൊതു മേഖല സ്ഥാപനങ്ങളിലെ എം.ഡിമാരെ തെരഞ്ഞെടുക്കുകയാണ് പ്രധാന ജോലി.

പല പൊതുമേഖല സ്ഥാപനങ്ങളിലും എം.ഡിമാര്‍ നിലവിലുണ്ട്. ഒഴിവുള്ള സ്ഥലങ്ങളിലെ എം.ഡിമാരെ ജോയി നിയമിക്കും. ഒഴിവ് വരുന്ന മുറക്ക് മറ്റ് എം.ഡിമാരെയും ജോയി നിയമിക്കും. 6 വര്‍ഷമാണ് കാലാവധി. പരമാവധി 1 വര്‍ഷത്തെ ജോലി പോലും ജോയിക്ക് ചെയ്യേണ്ടി വരില്ല. ബാക്കിയുള്ള വര്‍ഷം ജോലി ചെയ്യാതെ മാസം. 6 ലക്ഷം പോക്കറ്റിലാക്കാം.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് മുന്‍ ചീഫ് സെക്രട്ടറിയായ വി.പി. ജോയി. പിണറായിയോടൊപ്പം വിദേശ രാജ്യങ്ങള്‍ ചുറ്റി കറങ്ങാന്‍ മുന്‍പന്തിയില്‍ ജോയിയും ഉണ്ടായിരുന്നു. വിരമിക്കേണ്ട മാസവും വി.പി. ജോയി പിണറായിയുടെ അമേരിക്കന്‍, ക്യൂബന്‍ യാത്ര സംഘത്തില്‍ ഉണ്ടായിരുന്നു. ടൈം സ്‌ക്വയറിലെ പിണറായിയുടെ പ്രസംഗത്തിനും വി.പി. ജോയി സാക്ഷ്യം വഹിച്ചിരുന്നു.

പിണറായി അമേരിക്കന്‍ ചികില്‍സക്ക് പോയപ്പോള്‍ വി.പി ജോയിയെ ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഗുജറാത്തില്‍ വിട്ടത് വിവാദമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റവും വിദ്യാഭ്യാസ രംഗത്തെ പുതിയ രീതികളും ജോയി വിശദമായി പഠിച്ചു. വിഖ്യാതമായ കേരള മോഡല്‍ ഉള്ളപ്പോള്‍ ഗുജറാത്ത് മോഡല്‍ ഗംഭീരം എന്നായിരുന്നു ജോയി പ്രതികരിച്ചത്. സംഭവം വിവാദമായതോടെ ജോയി കൊടുത്ത റിപ്പോര്‍ട്ട് സെക്രട്ടേറിയേറ്റിലെ അലമാരയില്‍ ഉറക്കമായി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൊടുത്തെന്ന് ജോയി പ്രഖ്യാപിച്ചു.

രാഷ്ട്രിയ തിരിച്ചടിയാകുമെന്ന ഭയത്താല്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന നിലപാട് പിണറായിയും എടുത്തു. ഗവര്‍ണര്‍ക്കെതിരെ രാജ്ഭവനിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയേറ്റിലെ ഇടതു നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങളും ഗവര്‍ണര്‍ നല്‍കിയിരുന്നു. ചിത്രങ്ങള്‍ വ്യക്തമല്ലെന്ന് പറഞ്ഞ് സെക്രട്ടേറിയേറ്റിലെ ഇടതു നേതാക്കന്‍മാരെ ജോയി കേസില്‍ നിന്ന് ഊരി കൊടുത്തു. പിണറായി മനസില്‍ ആഗ്രഹിക്കുന്നത് മാനത്ത് കാണാനുള്ള ജോയിയുടെ കഴിവാണ് പ്രതിമാസം 6 ലക്ഷം ശമ്പളം കിട്ടുന്ന ഉദ്യോഗത്തിലേക്ക് ജോയിയെ ഉയര്‍ത്തിയത്. മുറി കവിതകള്‍ എഴുത്താണ് ജോയിയുടെ ഹോബി. കുറച്ച് അവാര്‍ഡുകളും ജോയിയുടെ കവിതകള്‍ക്ക് കിട്ടിയിട്ടുണ്ട്.

ജോയിയുടെ 6 ലക്ഷം ശമ്പളത്തില്‍ ഞെട്ടിയിരിക്കുകയാണ് കെ.എം എബ്രഹാം. പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി കരാര്‍ നിയമനത്തിലാണ് ചീഫ് സെക്രട്ടറിയായിരുന്ന എബ്രഹാം കിഫ്ബി തലവനായത്. 3.50 ലക്ഷമാണ് എബ്രഹാമിന്റെ ശമ്പളം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥന്‍ എബ്രഹാമായിരുന്നു. ആ സ്ഥാനം ഇനി വി.പി ജോയിക്ക് സ്വന്തം.

കൊച്ചി മെട്രോ എംഡിയായി നിയമിച്ച മുന്‍ ഡി.ജി.പി ബെഹ്റ ഉള്‍പെടെയുള്ള വിരമിച്ച ഉദ്യോഗസ്ഥര്‍ ജോയി മോഡല്‍ ശമ്പളം ആവശ്യപെടുമോ എന്ന ആശങ്കയും ധനവകുപ്പിനുണ്ട്. ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെങ്കിലും വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ക്ക് വാരി കോരി നല്‍കുന്ന പിണറായി ശൈലിയുടെ ഉദാഹരണമാണ് ജോയി. ചീഫ് സെക്രട്ടറി ആയിരുന്ന ജോയിക്ക് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം നന്നായറിയാം.

വി.എസിന്റെ ഭാഷ കടം എടുത്താല്‍ അല്‍പം ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ പെന്‍ഷന്‍ കുറച്ചുള്ള ശമ്പളം മതി എന്ന തീരുമാനം ജോയിക്ക് എടുക്കാമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി കാലത്ത് മരണമില്ല എന്ന് കഥ സെക്രട്ടേറിയേറ്റില്‍ പ്രചരിക്കുന്നുണ്ട്. വിരമിച്ചവര്‍ക്ക് വീട്ടില്‍ ഇരിക്കണ്ട. ഉടന്‍ പിണറായി ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി നല്‍കും. കാലന് പോലും നല്‍കാതെ പിണറായി കാത്തു കൊള്ളും.

ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ഉണ്ട്, ഉറങ്ങി, മുറി കവിതകളുമായി, മാസം 6 ലക്ഷം പോക്കറ്റിലാക്കി വി.പി. ജോയി പിണറായി കാരുണ്യത്താല്‍ കാലം കഴിക്കും. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഈ പാഴ് ചെലവ് വേണോ സി.എം എന്ന് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചാല്‍ ജനം തങ്ങളെ തിരഞ്ഞെടുത്തില്ലേ എന്ന സ്ഥിരം ക്യാപ്‌സൂള്‍ മറുപടിയായിരിക്കും പിണറായിയില്‍ നിന്ന് ഉണ്ടാവുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments