കെഎസ്ഇബി പെൻഷൻ പ്രതിസന്ധിയിലാക്കി സർക്കാർ നീക്കം; വൈദ്യുതിനിരക്ക് കൂടുമെന്ന് ബോർഡ്

വൈദ്യുതി മന്ത്രിയുടെ നിർദേശം പരിഗണിക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ

KSEB

തിരുവനന്തപുരം: കെഎസ്ഇബിയുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ. മുൻപ് വൈദ്യുത മന്ത്രി പറഞ്ഞ നിലപാടുകൾക്ക് വിരുദ്ധമായാണ് അഡീഷണൽ സെക്രട്ടറി ഇപ്പോൾ നിലപാട് സ്വീകരിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഉപഭോക്താക്കളിൽ നിന്നുള്ള ഡ്യൂട്ടി വരുമാനം കെഎസ്ഇബി സർക്കാരിലേക്ക് അടയ്ക്കണം. മുൻപ് ഈ തുക കെഎസ്ഇബി പെൻഷൻ ഫണ്ടായ പെൻഷൻ മാസ്റ്റർ ട്രസ്റ്റിനാണ് നൽകിയിരുന്നത്. ഇത് വൈദ്യുതി നിരക്ക് വർധനയിലേക്ക് നയിക്കുമെന്ന് കെഎസ്ഇബി പെൻഷൻ സംഘടന സൂചിപ്പിച്ചു.

2013 ൽ കെഎസ്ഇബി കമ്പനിയായി പ്രഖ്യാപിക്കുമ്പോൾ നിലവിൽ വന്ന ത്രികക്ഷി കരാർ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി തൊഴിലാളി സംഘടന രംഗത്തെത്തി. പെൻഷൻ ഫണ്ടിലേക്കുള്ള തുകയുടെ 35.4 ശതമാനം സർക്കാർ നൽകുമെന്നായിരുന്നു കരാർ. എന്നാൽ 2013 ലെ കരാർ 10 വർഷത്തേക്കുള്ള താത്കാലിക കരാർ ആയിരുന്നുവെന്നും ഇത് 2023 ൽ അവസാനിച്ചു എന്നുമാണ് സർക്കാർ വാദം. വൈദ്യുത മന്ത്രി മുൻപ് നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ വൈദ്യുത അഡീഷണൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ്.

പെൻഷൻ മാസ്റ്റർ ട്രസ്റ്റിന് (പിഎംടി) ഫണ്ട് അനുവദിക്കാനുള്ള ഉത്തരവാദിത്തം ബോർഡിന് മാത്രമാണെന്ന് കാണിച്ചാണ് കെആർ ജ്യോതിലാൽ ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് പെൻഷൻകാരുടെ ഭാഗത്തുനിന്നും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കെഎസ്ഇബി ലിമിറ്റഡ് വാര്‍ഷികവിഹിതം മാസ്റ്റര്‍ ട്രസ്റ്റിനു നല്‍കിയാണ് പെന്‍ഷന്‍ ഫണ്ട് നിലനിര്‍ത്തേണ്ടതെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. മാസ്റ്റര്‍ ഫണ്ടിലേക്ക് ബോര്‍ഡ് തുക നീക്കിവയ്ക്കാത്ത പക്ഷം 24 ശതമാനം പിഴപ്പലിശ ഒടുക്കാനും നിർദേശമുണ്ട്.

പെൻഷൻകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉപഭോക്താക്കളിൽ നിന്ന് സ്വീകരിക്കുന്ന ഡ്യൂട്ടി വരുമാനം പിഎംടിയിലേക്ക് നൽകുന്നത് തുടരണമെന്ന് വൈദ്യുത മന്ത്രി കൃഷ്ണൻകുട്ടി ധനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 2023 ലെ ബജറ്റിൽ ഡ്യൂട്ടി വരുമാനം പിഎംടിക്ക് നൽകുന്ന രീതി അവസാനിപ്പിക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

പിഎംടിക്ക് ഡ്യൂട്ടി വരുമാനം നൽകുന്നത് പെൻഷൻ വിഹിതം അനുവദിക്കുന്നതുവരെ തുടരണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി വരുമാനം സർക്കാരിലേക്ക് നൽകിയാൽ പെൻഷൻ വിതരണം താളം തെറ്റുമെന്ന് വൈദ്യുതി മന്ത്രിയും വ്യക്തമാക്കിയിരുന്നു.

മുഴുവൻ പെൻഷൻ ബാധ്യതയും കെഎസ്ഇബിയിലേക്ക് എത്തുമ്പോൾ വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പെൻഷനേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം സംസ്ഥാന സർക്കാരിൻ്റെ വിഹിതം പിഎംടിക്ക് നൽകിയിരുന്നത് താൽക്കാലിക സംവിധാനമായതിനാൽ വൈദ്യുതി ഡ്യൂട്ടി ബോർഡിന് നൽകാനാവില്ലെന്ന് വ്യക്തമാക്കി ഊർജ അഡീഷണൽ സെക്രട്ടറി ജ്യോതിലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ഐഎൻടിയുസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനായ കേരള ഇലക്‌ട്രിസിറ്റി ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (കെഇഒസി) ഈ നീക്കത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. ധനവകുപ്പ് കെഎസ്ഇബി പെൻഷൻകാരോട് പ്രതികാര മനോഭാവമാണ് കാണിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. വൈദ്യുതി മന്ത്രി പെൻഷൻകാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോൾ വൈദ്യുതി സെക്രട്ടറി ജ്യോതിലാൽ വിരുദ്ധമായ സത്യവാങ്മൂലം നൽകിയതും സംഘടന ചോദ്യം ചെയ്തു. ത്രികക്ഷി കരാർ ലംഘിച്ചത് ഉയർത്തിക്കാട്ടി സമര രംഗത്തേക്ക് ഇറങ്ങുമെന്നും തൊഴിലാളി സംഘടന വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments