ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഇനി തെലുങ്കാന പോലീസിൽ. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി തെലുങ്കാന പോലീസിൽ താരം ചുമതലയേറ്റു. കഴിഞ്ഞ ദിവസം തെലുങ്കാന ഡിജിപിയുടെ നേതൃത്വത്തിൽ ഓഫീസിൽ എത്തിയാണ് താരം ഔദ്യോഗികമായി ചുമതലയേറ്റത്. ഡിജിപി ജിതേന്ദർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സിറാജിന് വൻ സ്വീകരണം നൽകി. ഹൈദ്രബാദ് സ്വദേശിയാണ് മുഹമ്മദ് സിറാജ്.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, സിറാജിനു ഗ്രൂപ്പ് 1 റാങ്കിലുള്ള ഉദ്യോഗം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ, വീടും സ്ഥലവും നൽകുമെന്നും നിയമസഭാ സമ്മേളനത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താരത്തിന് ഉയർന്ന റാങ്കിലുള്ള ജോലി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78-ൽ സ്ഥിതി ചെയ്യുന്ന 600 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു പ്ലോട്ട്, സിറാജിന്റെ നേട്ടങ്ങളുടെ അംഗീകാരമായി നൽകി. ഉദ്യോഗത്തിന് അനിവാര്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിൽ പോലും, കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാര് ഇളവുകൾ നൽകുകയായിരുന്നു. പ്ലസ് ടു ആണ് സിറാജിന്റെ വിദ്യാഭ്യാസ യോഗ്യത. ഗ്രൂപ്പ് 1 ജോലിക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്.
അതേസമയം, തെലുങ്കാന പോലീസിൽ ഡിഎസ്പി ആയി നിയമനം ഏറ്റുവെങ്കിലും കളിയിൽ ഇനിയും സിറാജ് തുടരുന്നതാണ്. ഔദ്യോഗികമായ ചുമതലയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് താരം നന്ദി അറിയിച്ചു. നിലവിൽ ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളാണ് സിറാജ്. 2020-21 ൽ ഓസ്ട്രേലിയയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രമേണ റാങ്കുകളിലൂടെ ഉയരുകയായിരുന്നു. ടി20 ലോകകപ്പ് ചാമ്പ്യനായ സിറാജ് 29 ടെസ്റ്റുകളിലും 44 ഏകദിനങ്ങളിലും 16 ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച് 78, 71, 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്