കുറുക്കോളി മൊയ്തീന്റെ വീടിന്റെ മുറ്റത്ത് ഒരുദിവസം രാവിലെ നോക്കുമ്പോൾ നാല് മയിലുകൾ പീലി വിടർത്തി നൃത്തംചെയ്യുന്നു. എൽദോസ് കുന്നപ്പള്ളിയുടെ സ്വകാര്യ ബില്ലിൽ ഇടപെട്ട് മൃഗങ്ങളുടെ ആക്രമണങ്ങൾ വിവരിക്കുന്നതിനിടെയാണ് മയിലുകളുടെ ചേതോഹര ദൃശ്യം കുറുക്കോളി വിവരിച്ചത്.
എന്നാൽ മയിലുകളൊക്കെ വന്നാൽ കാണാൻ നല്ല ഭംഗിയൊക്കെയാണ്. നായ്ക്കൾ വന്നാൽ അങ്ങനെയല്ലെന്നാണ് എൽദോസിന്റെ ഓർമപ്പെടുത്തൽ. മയിലുകളൊക്കെ കുറുക്കോളിയെ പോലെ മാന്യരായ മനുഷ്യരുടെ വീട്ടിലൊക്കെയേ വരുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ പക്ഷം. കാണാൻ നല്ലതാണെങ്കിൽ കുഴപ്പമില്ലെന്നാണോ എന്നായി കാനത്തിൽ ജമീല.
എന്നാൽ കാണാൻ നല്ലതോ ചീത്തയോ എന്നതല്ല കടികൊള്ളുന്നതാണ് പ്രശ്നമെന്ന് എൽദോസും. സ്വകാര്യ ബില്ലുകളുടെ ദിനത്തിൽ നായ്ക്കളെ സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിൽ സജീവ ഇടപെടലായിരുന്നു ഇന്നലെ നടന്നത്. തെരുവുനായ്ക്കൾക്ക് പഞ്ചായത്തുകളിൽ ഷെൽട്ടർ ഒരുക്കണം. ഇവിടെനിന്ന് ആവശ്യമുള്ളവർക്ക് നായ്ക്കളെ ദത്തെടുക്കാം. എൽദോസിന്റെ മാനസിക വിഷമം മനസ്സിലാക്കി ശ്രീനിജൻ ഇങ്ങനെ ആശ്വാസവാക്കുമായെത്തി. തെരുവിൽനിന്ന് താൻ രണ്ട് നായ്ക്കളെ ദത്തെടുത്തെന്നും അവക്ക് ബോൾട്ടും ലില്ലിക്കുട്ടിയുമെന്ന് പേരിട്ടെന്നും ശ്രീനിജൻ.
എൽദോസിന്റെ സ്വകാര്യ ബില്ലിൽ ആക്രമണകാരികളായ മൃഗങ്ങൾ എന്നതിന് പകരം പൊതുശല്യമായ മൃഗങ്ങൾ എന്ന് മാറ്റണമെന്നായിരുന്നു കെ.ഡി. പ്രസേനന്റെ നിർദേശം. പ്രസേനനും വോട്ടർക്കും തോന്നാത്ത ബുദ്ധി അപ്പോൾ തന്നെ എൽദോസിന്റെ തലയിലുദിച്ചു. പൊലീസൊന്നും വേണ്ട, ചെരുപ്പ് വീട്ടിനകത്തിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ അത്രേ. അതെന്നെ…
എന്നാൽ നായ്ക്കൾ ഇത്രയൊക്കെ ശല്യമുണ്ടാക്കുമ്പോൾ എന്തുകൊണ്ട് അവയെ ഭക്ഷണമായി ഉപയോഗിക്കുന്ന നാഗാലാന്റിലേക്കും കൊറിയയിലേക്കും കയറ്റി അയച്ചൂടേ എന്ന ആശയം ടൈസൺ മാസ്റ്റർ തെളിച്ച് പറയാതെ മുന്നോട്ട് വെച്ചു. എന്തായാലും, നിലവിലെ നിയമം മതിയാകുമെന്ന് മന്ത്രിമാർ നിലപാടെടുത്തതോടെ തുടർചർച്ചക്കായി ബിൽ മാറ്റി.