National

സാങ്കേതിക തകരാര്‍. എയര്‍ ഇന്ത്യയ്ക്ക് അടിയന്തിര ലാന്‍ഡിങ്

തിരുച്ചിറപ്പള്ളി; സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് അടിയന്തിരമായി ലാന്‍ഡ് ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വെള്ളിയാഴ്ച വൈകീട്ട് 5.30ക്കാണ് വിമാനം തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. മിനിറ്റുകള്‍ക്കകം ആകാശത്ത് സാങ്കേതിക തകരാര്‍ കണ്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ത്രിച്ചി പോലീസ് അറിയിച്ചു. ഹൈഡ്രോളിക് സംവിധാനമായ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് വിമാനത്തിനുണ്ടായത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്ന് എല്ലാ സുരക്ഷാ നടപടികളും പാലിക്കാന്‍ നിര്‍ദേശിച്ചു. വിമാനം രണ്ടര മണിക്കൂറിലധികം ഇന്ധനം കത്തിച്ചതിന് ശേഷമാണ് ഒടുവില്‍ രാത്രി 8.15 ന് ലാന്‍ഡ് ചെയ്തത്.

സുരക്ഷിതമായി ലാന്‍ഡിംഗിന് സഹായിച്ച ഫ്‌ലൈറ്റ് ക്യാപ്റ്റനെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത കേട്ടതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവ വിന്യസിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എല്ലാ യാത്രക്കാരുടെയും തുടര്‍ സുരക്ഷ ഉറപ്പാക്കാനും തുടര്‍ സഹായങ്ങള്‍ നല്‍കാനും ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. അതേസമയം എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തി. ഓപ്പറേറ്റിംഗ് ക്രൂ ജോലി ചെയ്യാന്‍ സന്നദ്ധരാണെന്നും സാങ്കേതിക തകരാറിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്നും എയര്‍ലൈന്‍ സ്ഥിരീകരിച്ചു. സാങ്കേതിക തകരാര്‍ കണ്ടെത്തിയ ശേഷം സുക്ഷിതമായ മുന്‍കരുതലിനായി ലാന്‍ഡിങ്ങിന് മുമ്പ്, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധന ഭാരം കുറയ്ക്കുന്നതിനുള്ള നടപടി എന്ന നിലയില്‍ വിമാനം പ്രദേശത്ത് നിരവധി തവണ വലം വെച്ചിട്ടാണ് ലാന്‍ഡിങ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *