ബംഗ്ലാദേശിനെതിരായ രണ്ടാം ടി20-യിൽ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത് നിതീഷ് കുമാർ- റിങ്കു സിങ് കൂട്ടുകെട്ടിൽ നാലാം വിക്കറ്റിൽ നടത്തിയ പോരാട്ടമായിരുന്നു. ഇരുവരും അർധ സെഞ്ച്വറി നേടി. ബാറ്റിങിനു ഇറങ്ങിയപ്പോൾ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തങ്ങളോടു പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് റിങ്കു സിങ് ഇപ്പോൾ.
‘സ്വന്തം ശൈലിയിലുള്ള ബാറ്റിങ് പുറത്തെടുക്കാനാണ് കോച്ചും ക്യാപ്റ്റനും ആവശ്യപ്പെട്ടത്. സാഹചര്യം നോക്കേണ്ട കാര്യമില്ല. കൂറ്റനടിയിലൂടെ സ്കോറുയർത്താനായിരുന്നു നിർദ്ദേശം. സ്വന്തം ശൈലിയിൽ ബാറ്റ് വീശാനുള്ള പൂർണ സ്വാതന്ത്ര്യമാണ് കോച്ച് നൽകിയത്.’
“ടീം നിൽക്കുന്ന അവസ്ഥ നോക്കിയാണ് പൊതുവെ ഞാൻ ബാറ്റ് ചെയ്യുന്നത്. നേരത്തെ ബാറ്റിങിനെത്തിയാൽ മോശം പന്തുകളെ ആക്രമിക്കുക എന്നതാണ് എൻ്റെ രീതി. 2, 3 ഓവർ മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രീസിലെത്തുന്നതെങ്കിൽ കൂടുതൽ സിക്സും ഫോറും അടിക്കുകയാണ് ഞാൻ ലക്ഷ്യമിടാറുള്ളത്. ടീമിനായി പരമാവധി റൺസടിക്കാനാണ് നോക്കാറ്”. റിങ്കു പറഞ്ഞു.
“ടി20യിൽ മാത്രമല്ല, ഞാൻ എല്ലാ ഫോർമാറ്റിലും കളിക്കാൻ ഇഷടപ്പെടുന്ന ആളാണ്. അവസരം കിട്ടിയാൽ മൂന്ന് ഫോർമാറ്റിലും ടീമിനായി കളത്തിലിറങ്ങും”- റിങ്കു വ്യക്തമാക്കി.
ഇന്ത്യക്ക് 41 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് ഇരുവരും ക്രീസിൽ ഒന്നിച്ചത്. പൂർണ സ്വാതന്ത്ര്യമാണ് തങ്ങൾക്ക് ഇരുവരും നൽകിയതെന്നു റിങ്കു പറയുന്നു. നാലാം വിക്കറ്റിൽ 49 പന്തിൽ 108 റൺസാണ് സഖ്യം അടിച്ചെടുത്തത്.
ആദ്യ ടി20യിൽ റിങ്കുവിനു ബാറ്റിങിനു അവസരം കിട്ടിയിരുന്നില്ല. അതിനു മുൻപ് തന്നെ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. രണ്ടാം പോരിൽ 29 പന്തിൽ 3 സിക്സും 2 ഫോറും സഹിതം റിങ്കു 53 റൺസെടുത്തു.