കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച വിദേശ പ്രതിരോധ താരമായിരുന്നു മാർക്കോ ലെസ്‌കോവിച്ച്. 2021 മുതൽ 2024 വരെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധം കാത്ത ലെസ്‌കോ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശ പ്രതിരോധതാരം കൂടിയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരമായിരുന്നു ലെസ്‌കോ നിലവിൽ അവസരം കിട്ടാതെ വലയുകയാണ്. അതും സ്‌ക്വാഡിൽ പോലുമില്ലാതെ.
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ലെസ്‌കോ ജന്മനാടായ ക്രൊയേഷ്യയിലെ സ്ലേവൻ ബെലൂപോ എന്ന ക്ലബ്ബിലേക്ക് കൂടുമാറിയത്. ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഇന്ത്യ വിട്ട് ജന്മനാട്ടിലേക്ക് പോകാൻ താരം തീരുമാനിച്ചതിടെയാണ് ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ ആവാതെ വന്നത്. മറ്റു ഐഎസ്എൽ ക്ലബ്ബുകളിലേക്ക് പോകാതെ താരം ജന്മനാട്ടിലേക്ക് പോകുകയും ചെയ്തു.
എന്നാൽ ക്രൊയേഷ്യൻ ആദ്യ ഡിവിഷനിൽ കളിക്കുന്ന സ്ലേവൻ ബെലൂപോ ക്ലബ്ബിൽ ഒരു അവസരത്തിനായി കഷ്ടപ്പെടുകയാണ് ലെസ്‌കോ ഇപ്പോൾ. ക്രൊയേഷ്യൻ ടോപ് ഡിവിഷനായ സൂപ്പർ സ്‌പോർട് എച്ച്എൻടിയിൽ സ്ലേവൻ ബെലൂപോ 9 മത്സരങ്ങൾ കളിച്ചപ്പോൾ ലെസ്‌കോയ്ക്ക് ആകെ അവസരം കിട്ടിയത് 30 മിനുട്ട് മാത്രമാണ്.
കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരമായിരുന്ന ഒരു കളിക്കാരനാണ് മറ്റു ലീഗിൽ അവസരത്തിനായി കഷ്ടപ്പെടേണ്ടി വന്നത്. താരത്തിന് നിലവിൽ പരിക്കൊന്നുമില്ല. എങ്കിലും ക്രൊയേഷ്യൻ ലീഗിലെ ഘടന ആയിരിക്കാം ലെസ്‌കോയ്ക്ക് അവസരം ലഭിക്കാത്തതിൻ്റെ പ്രധാന കാരണം. അതേ സമയം ലീഗിൽ കളിച്ച 9 മത്സരങ്ങളിൽ ഒരൊറ്റ വിജയവും 2 സമനിലയുമായി അഞ്ച് പോയിൻ്റോടെ പോയ്ന്റ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് സ്ലേവൻ ബെലൂപോ.