
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഹവാല കേസുകളിൽ മുഖ്യമന്ത്രി വിവരങ്ങൾ മറച്ച് വയ്ക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കൊപ്പം കൈസൻ പ്രതിനിധികൾ പങ്കെടുത്തു എന്ന് പറയുന്നു. എന്നാൽ മുഖ്യമന്ത്രി അത് നിക്ഷേധിക്കുന്നു. ആരെയാണ് വിശ്വസിക്കേണ്ടതെന്നും എന്തുകൊണ്ട് ഏജൻസിക്ക് എതിരെയോ ദി ഹിന്ദുവിന് എതിരെയോ നടപടി എടുക്കാൻ തയ്യാറാക്കാവുന്നില്ല എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. ഇക്കാര്യങ്ങളോ മുഖ്യമന്ത്രിയോട് നേർക്കുനേർ നിന്ന് ചോദിക്കാൻ മാധ്യമങ്ങൾക്ക് മടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവർത്തങ്ങൾ സ്റ്റേറ്റ് തലവനായ ഗവർണർക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും, ഇക്കാര്യത്തിൽ തന്നെ ഇരുട്ടത്ത് നിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തന്നെ അറിയിക്കേണ്ടത് ഭരണഘടനാ ചുമതല ആണെന്നും ഗവർണർ തുറന്നടിച്ചു. ഇക്കാര്യങ്ങൾ നിരീക്ഷിക്കാനും രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനുമാണ് തന്നെ സംസ്ഥാനത്തിൻ്റെ തലവനായി നിയമിച്ചിരിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും അധികാര പരിധി ഉണ്ടോ എന്ന് വൈകാതെ അറിയാമെന്നും ഗവർണർ പറഞ്ഞു.
സ്വര്‍ണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെയോ പിആർ ഏജൻസിക്ക് എതിരെയോ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവര്‍ണര്‍ വിമർശിച്ചു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സംഭവങ്ങൾ നടന്നിട്ട് ഇതുവരെ ഗവർണർക്ക് യാതൊരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാൻ കഴിഞ്ഞാഴ്ച ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നുവെന്നും. സ്വമേധയാ തന്നെ വന്ന് കണ്ടതിൽ കുഴപ്പമില്ലാത്ത സർക്കാരിന് താന്‍ വിവരങ്ങൾ ആരായാൻ വിളിപ്പിച്ചാല്‍ കുഴപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനോട് അല്ലെങ്കിൽ പിന്നെ ആരോടാണ് ഇക്കാര്യങ്ങൾ ബ്രീഫ് ചെയ്യാന്‍ ആവശ്യപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതിക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനുള്ള വിവരശേഖരണത്തിലാണെന്നും ഗവർണർ വ്യക്തമാക്കി.