ന്യൂ ഡൽഹി: ഹരിയാനയിലുണ്ടായ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് ദേശീയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസ് അപ്രതീക്ഷിതമായി കനത്ത തിരിച്ചടി നേരിട്ടിരുന്നു.ഈ അപ്രതീക്ഷിത ഫലം തങ്ങൾ വിശകലനം ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി.
വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വരുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അതോടൊപ്പം ‘ഇന്ത്യ’ മുന്നണിയെ പിന്തുണച്ച ഹരിയാനയിലെ എല്ലാവർക്കും പാർട്ടി പ്രവർത്തകർക്കും രാഹുൽ നന്ദി അറിയിച്ചു.
‘ഇന്ത്യ’ മുന്നണിക്കൊപ്പം നിന്ന ജമ്മു കാഷ്മീരിലെ ജനങ്ങൾക്കും രാഹുൽ നന്ദി അറിയിച്ചു. ജമ്മു കാഷ്മീരിൽ ‘ഇന്ത്യ’ മുന്നണിയുടെ വിജയം ഭരണഘടനയുടെ വിജയമാണെന്നും അത് ജനാധിപത്യ ആത്മാഭിമാനത്തിന്റെ വിജയമാണെന്നും രാഹുൽ പറഞ്ഞു. സാമൂഹിക സാമ്പത്തിക നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും രാഹുൽ വ്യക്തമാക്കി.