ആസാം: ദുര്‍ഗാ പൂജയ്ക്ക് എത്തുന്നവര്‍ക്ക് വന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കി ആസാമിലെ പോലീസ് സേന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ 24 മണിക്കൂറും കര്‍മനിരതരായ ആന്റി റോമിയോ സ്‌ക്വാഡുകളെ നിയമിച്ചു. തിങ്കളാഴ്ച ജോലി ആരംഭിച്ച സ്‌ക്വാഡുകള്‍ പൂജാ ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ രാപ്പകല്‍ ഡ്യൂട്ടിയിലായിരിക്കുമെന്ന് കച്ചാര്‍ പോലീസ് അറിയിച്ചു. കൂടുതലും വനിതാ കോണ്‍സ്റ്റബിള്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സ്‌ക്വാഡുകളാണ്. 15 ദിവസം മുമ്പ് നിരായുധമായ പോരാട്ടത്തില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയതായി കച്ചാര്‍ പോലീസ് സൂപ്രണ്ട് നുമല്‍ മഹത്ത പറഞ്ഞു.
ആസാമിലെ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ക്ക് വലിയ ജനക്കൂട്ടം എത്താറുണ്ട്. അസമിലെ ബരാക്ക് താഴ്വരയിലെ ഏറ്റവും വലിയ പട്ടണമായ സില്‍ച്ചാറിലാണ് പൂജ വലിയ രീതിയില്‍ നടക്കുന്നത്. അത് കൊണ്ട് തന്നെ സ്‌ക്വാഡുകള്‍ കൂടുതലും ഇവിടെയാണ് പട്രോളിംഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.’അവര്‍ 24 മണിക്കൂറും ഡ്യൂട്ടിയിലായിരിക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, അവര്‍ അവരെ സഹായിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ജനങ്ങള്‍ ഒരു പ്രശ്നവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മഹത്ത പറഞ്ഞു.