അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ റോയ്സ് തോമസായി കുഞ്ചാക്കോ ബോബനും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും റീതുവായി ജ്യോതിർമയും ബിജുവായി ഷറഫുദ്ദീനും രമയായി ശ്രീന്ദയും എത്തുന്നു.
ഒക്ടോബർ 17 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് ആറുമണിക്ക് പുറത്തിറങ്ങും. അതേസമയം, എന്തോ നിഗൂഢതകൾ ഒളിപ്പിച്ചാണ് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. സുഷിൻശ്യാം ഒരുക്കിയ സിനിമയിലെ സ്തുതി, മറവികളെ എന്ന ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വേറിട്ട ലുക്കിലാണ് ജ്യോതിർമയി ചിത്രത്തിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും അമൽനീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബോഗയ്ൻവില്ല’. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.