
ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് അമരൻ. ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ ഈ ചിത്രം അഭിനയിക്കാൻ കാരണമെന്ന് ശിവകാർത്തികേയൻ തന്നെ വ്യക്തമാക്കുകയാണ്. യൂണിഫോമാണ് അമരനിലേക്ക് തന്നെ ആകർഷിച്ചത്. മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ശിവകാർത്തികേയൻ പറയുന്നു.
“ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികളെപ്പറ്റി ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ ഊര്‍ജ്ജം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ സ്വയം തന്നെ പരിശീലിച്ചു. യൂണിഫോം ധരിച്ചപ്പോള്‍ ഒരു ഹീറോയായാണ് അനുഭവപ്പെട്ടത്. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാർത്ഥ ആര്മിക്കാര് അഭിനന്ദിച്ചുവെന്നും ശിവകാര്ത്തികേയൻ പറയുന്നു”.
രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാർത്തികേയൻ എത്തുന്നത്. ഇന്ത്യൻ ആര്‍മി ഓഫീസര്‍ ആയിരുന്ന മുകുന്ദ് വരദരാജനു അശോക ചക്ര മരണാനന്തര ബഹുമതിയായി നൽകി രാജ്യം ആദരിച്ചിരുന്നു. ജമ്മു കശ്മിരീല് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. സായിപല്ലവിയാണ് ചിത്രത്തിലെ നായിക.