
സഭയിൽ ‘അടിയന്തര പരീക്ഷ’; മുഖ്യന് തൊണ്ട വേദന
അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന ദിവസം മുഖ്യമന്ത്രി തൊണ്ട വേദനയെന്ന് കാണിച്ച് അവധിയെടുത്തു. എഡിജിപി-ആര്‍എസ്എസ് രഹസ്യ ചർച്ച സംബന്ധിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാവിലെ പിണറായി വിജയൻ സഭയിൽ എത്തിയെങ്കിലും ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് തൊണ്ട വേദന ആണെന്നും ഡോക്റ്റർ വോയിസ് റെസ്റ്റ് നിർദേശിച്ചെന്നും കാണിച്ച് സ്പീക്കർക്ക് കത്ത് നൽകി മടങ്ങി. പകരം ചുമതല പാർലമെന്ററി കാര്യമന്ത്രി എംബി രാജേഷ് നിർവ്വഹിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ സഭയെ അറിയിച്ചു.
അതേസമയം ഇന്ന് മുഹമ്മദ് റിയാസും സഭയിൽ നിന്ന് വിട്ട് നിന്നത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു. പിണറായിയെ ശുശ്രൂഷിക്കാൻ റിയാസ് അവധിയെടുത്തത് ആണെന്നും അഭ്യൂഹം പടർന്നു. പരീക്ഷാ ദിവസം കുട്ടികൾ പേടിച്ച് വയറുവേദന അഭിനയിച്ച് സ്കൂളിൽ പോകാത്തത് പോലെ മുഖ്യൻ ഇന്ന് ഉത്തരം പറയാൻ പേടിച്ച് സഭയിൽ നിന്ന് വിട്ടുനിന്നതാണെന്നും പ്രതിപക്ഷം കളിയാക്കി.
സംസ്ഥാന ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി ആർഎസ്എസ് നേതാക്കളുമായി തുടർച്ചയായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെ സംബന്ധിച്ചുള്ള അന്വേഷണം പ്രഹസനമാകുന്നതും ആർഎസ്എസ് രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനത്ത് പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച് ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
മുഖ്യമന്ത്രി പ്രത്യേക താല്പര്യം എടുത്ത് വിശ്വസ്തനായ എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുമെന്ന സൂചനയെ തുടർന്ന് ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു. ഇത് അജിത് കുമാറിനെ സംരക്ഷിക്കാൻ മുഖ്യൻ കളിച്ച കണ്ണിൽ പൊടിയിടീൽ നാടകമാണെന്ന് -പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഒപ്പം മലപ്പുറം ജില്ലയെ അഭിമുഖത്തിലൂടെ ആക്ഷേപിച്ച സംഭവത്തിലും ഇന്ന് ചോദ്യം ഉയരുമെന്ന് കണ്ടാണ് മുഖ്യന് പരീക്ഷപ്പനി ഉണ്ടായതെന്നും പ്രതിപക്ഷം കളിയാക്കി.
അതേസമയം അജിത് കുമാർ ആർഎസ്എസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സിപിഐയും സഭയിൽ പ്രതികരിച്ചു. എൽഡിഎഫ് ഘടക കഷി തന്നെ പിണറായിയുടെ നിലപാടിനെ തള്ളിയത് കരഘോഷത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.