മുതലപ്പൊഴി പ്രതിഷേധം ; വികാരി ജനറൽ ഫാദർ യൂജിൻ പെരേരക്കും ജനങ്ങൾക്കും എതിരെയുള്ള കേസ് പിൻവലിക്കാതെ സർക്കാർ; 2 കേസുകളിലായി 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിന്‍ പെരേരക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് സർക്കാരും മന്ത്രി ആൻ്റണി രാജുവും. യൂജിൻ പെരേരയല്ല ലത്തീൻ സഭയെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. മുതലപ്പൊഴി പ്രതിഷേധത്തില്‍ ഫാദർ യൂജിൻ പെരേരയുള്‍പ്പെടെ 24 പേർക്കെതിരെയെടുത്ത കേസ് കടുപ്പിക്കാനാണ് നീക്കം.
”യൂജിൻ പെരേരയാണ് ലത്തീൻ സഭയെന്ന് ധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. തീരപ്രദേശത്ത് സംഘർഷമുണ്ടാക്കി മുതലെടുക്കാനാണ് യൂജിൻ പേരേര ശ്രമിക്കുന്നത്. പണ്ട് തീരദേശ ജനതയെ മുതലെടുത്തത് പോലെ ഇപ്പോൾ നടക്കുന്നില്ല. അതിന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ട്”- ആൻ്റണി രാജു പറഞ്ഞു.
മുതലപ്പൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ടുനിർമാണം വരുത്തിവച്ച ദുരന്തത്തിന്റെ ഫലമായി 69 പേരുടെ ജീവൻ നഷ്ടപ്പെടുകയും 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ജലരേഖയായി മാറിയതിനെതിരെയുള്ള പ്രതിഷേധം ലത്തീൻ സഭക്കെതിരെയുള്ള ആക്ഷേപങ്ങള്‍ കൊണ്ട് നേരിടാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
മുതലപ്പൊഴിയില്‍ സംഭവിക്കുന്ന ദുരന്തത്തിനെതിരെയുള്ള ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടെങ്കിലും സർക്കാർ തയ്യാറായിട്ടില്ല.
എഴിനവാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നടത്തിയ മാർച്ച് സൂസപാക്യം ഉദ്ഘാടനം ചെയ്തു. നിയമസഭയിൽ അടിയന്തരപ്രമേയമായും സബ്മിഷൻ ആയും ചോദ്യോത്തരങ്ങൾ ആയും മുതലപൊഴിയിലെ പ്രശ്നങ്ങൾ പ്രതിപക്ഷം അവതരിപ്പിച്ചു.
തുടർച്ചയായി മരണങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നിഷ്ക്രിയത തുടർന്നതോടെ ജനരോഷം ശക്തമായി. മൽസ്യ തൊഴിലാളികൾ മരണപ്പെട്ട മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞു. മന്ത്രിമാരായ ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവരുടെ മുതലപ്പൊഴി സന്ദർശന സമയത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 2 കേസുകളിലായി 24 പേർക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക വികാരി ജനറൽ ഫാദർ യൂജിൻ പെരേരെക്കെതിരെ സർക്കാർ കേസെടുത്തു. മന്ത്രിമാർ എത്തിയപ്പോൾ അവരെ പിടിച്ചിറക്കെടാ എന്ന് ആക്രോശിച്ചു കൊണ്ട് അവിടെ കൂടി നിന്നിരുന്ന ക്രിസ്തിയ സഭാ വിശ്വാസികളെ പ്രകോപനപരമായി ആഹ്വാനം ചെയ്ത് കലാപം ഉണ്ടാക്കാൻ വികാരി ജനറൽ യൂജിൻ പെരേര ശ്രമിച്ചെന്നാണ് എഫ്.ഐ ആർ ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യ പെട്ടെങ്കിലും സർക്കാർ തയ്യാറായില്ല.
മുതലപൊഴിയിലെ പ്രതിഷേധത്തെ തുടർന്ന് വികാരി ജനറൽ യൂജിൻ പെരേരക്കും ജനങ്ങൾക്കുമെതിരെ എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാകുമോ എന്ന് ഈ മാസം 13 ന് നിയമസഭയിൽ എംഎൽഎ വിൻസന്റ് ചോദ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
മുതലപൊഴിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും കേസ് പിൻവലിക്കുന്നതിനെയും കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉത്തരം ഇങ്ങനെ ” 2 കേസുകളിലായി ആകെ 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ അനുബന്ധമായി ചേർക്കുന്നു ” .
കേസുകൾ പിൻവലിക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ നിയമസഭ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. വിഴിഞ്ഞം സംഭവത്തിൽ ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് നെറ്റോയ്ക്കെതിരെ സർക്കാർ കേസെടുത്തിരുന്നു. ഈ കേസും നാളിതുവരെയായി പിൻവലിക്കാൻ തയ്യാറായിട്ടില്ല.