തിരുവനന്തപുരം: കേരളത്തില്‍ മുടക്കമില്ലാതെ നടക്കുന്ന ഒരേയൊരു കാര്യമായി മാറിയിരിക്കുകയാണ് ലോക കേരള സഭകള്‍. വിവാദങ്ങളും കോലാഹലങ്ങളും സജീവമാണെങ്കിലും ലോകകേരള സഭയ്ക്ക് ചെലവാക്കുന്ന പണത്തെക്കുറിച്ച് പ്രത്യേകിച്ച് ഓഡിറ്റിംഗ് ഒന്നുമില്ലാത്ത അവസ്ഥയാണ്.
ലോക കേരള സഭയുടെ മേഖല സമ്മേളനം അടുത്തമാസം സൗദിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിലേക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുകയാണ് ഇപ്പോള്‍. അടുത്തമാസം 19 മുതല്‍ 22 വരെയാണ് സൗദിയിലെ ലോക കേരള സഭ. വിദേശയാത്രക്ക് കേന്ദ്രാനുമതി തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ലോക കേരള സഭയിലൂടെ വിദേശ നിക്ഷേപം സ്വരൂപിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഈ യാത്രകളിലൂടെ എത്ര രൂപയുടെ നിക്ഷേപം സംസ്ഥാനത്തിലേക്ക് വന്നിട്ടുണ്ടെന്ന് ആർക്കും അറിയില്ല.
അടുത്ത ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ക്കുള്ള ഫണ്ടും സര്‍ക്കാര്‍ ജൂലൈ മാസത്തില്‍ തന്നെ അനുവദിച്ചിരുന്നു. ലോക കേരള സഭക്ക് 2.50 കോടി രൂപയാണ് അനുവദിച്ചത്. വെബ് സൈറ്റ് പരിപാലനം, ശമ്പളം ഉള്‍പ്പെടെയുള്ള ഓഫിസ് ചെലവുകള്‍ക്ക് 50 ലക്ഷം. ലോക കേരള സഭ യുടെ റീജിയണല്‍ മീറ്റിംഗിന്റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നീ ചെലവുകള്‍ക്ക് 50 ലക്ഷം. ലോക കേരള സഭയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിദഗ്ധരെ കൊണ്ട് വരാനും പബ്ളിസിറ്റിക്കുമായി 1.50 കോടി.
ലോക കേരള സഭയുടെ ഈ വര്‍ഷത്തെ റീജിയണല്‍ മീറ്റിംഗ് അമേരിക്കയില്‍ നടന്നിരുന്നു. സൗദിയിലാണ് അടുത്ത റിജിയണല്‍ മീറ്റിംഗ്. സെപ്റ്റംബര്‍ മാസത്തില്‍ സൗദിയില്‍ നടക്കുന്ന റീജിയണല്‍ മീറ്റിംഗില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ യുള്ള വിപുലമായ സംഘം പങ്കെടുക്കും. ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങളുടെ പേരില്‍ വന്‍ തുകയാണ് പിരിക്കുന്നത്. ദുബായ്, ലണ്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന 3 മേഖല സമ്മേള സമ്മേളനങ്ങളുടെ കണക്കും ചെലവും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല.
അമേരിക്കയില്‍ നടന്ന ലോക കേരള സഭ മേഖല സമ്മേളനത്തിന്റെ ചെലവ് 5.34 കോടി രൂപയാണ്. സ്പോണ്‍സര്‍ ഷിപ്പിന്റെ മറവില്‍ നടക്കുന്ന ലോക കേരള മേഖല സമ്മേളനങ്ങളുടെ ചെലവുകള്‍ ഇതുവരെ ഓഡിറ്റ് ചെയ്യാത്തത് ദുരൂഹതയായി തുടരുകയാണ്.