ഈ വർഷത്തെ നെഹ്റു ട്രോഫി ജലമേള മത്സരഫലം തെറ്റാണെന്ന് പറഞ്ഞ് ലഭിച്ചിട്ടുള്ള പരാതിയിൽ ജൂറി ഓഫ് അപ്പീൽ പരിശോധന പൂർത്തിയാക്കി. ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ജൂറി ഓഫ് അപ്പീൽ വിലയിരുത്തിയതായ് ആലപ്പുഴ കളക്ടർ പറഞ്ഞു.
കാരിച്ചാൽ ചുണ്ടൻ്റെ വിജയത്തിനെതിരെ, വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെയും കുമരകം ടൗൺ ബോട്ട് ക്ലബും രംഗത്തെത്തിയിരുന്നു. ഇവർ സമർപ്പിച്ച അപ്പീലുകളാണ് സിറ്റിങ്ങിൽ ജൂറി തള്ളിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ബന്ധപ്പെട്ട വീഡിയോയും, ടൈമിങ് സംവിധാനവും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീൽ തീരുമാനമെടുത്തത്.
സ്റ്റാർട്ടിങ്ങിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായും പരിശോധിച്ചപ്പോൾ കണ്ടെത്തി. എന്നാൽ മത്സര നിബന്ധനപ്രകാരം അവർ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണ് എന്ന് ഉറപ്പാക്കി ചീഫ് അമ്പയർ സ്റ്റാർട്ടിങ്ങിന് അനുമതി നൽകിയതിനാലാണ് ചീഫ് സ്റ്റാർട്ടർ സ്റ്റാർട്ടിങ് നടത്തിയത്. അതിനാൽ ഈ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും ജൂറി യോഗം വിലയിരുത്തി. ഇതോടെ വാക്കുതർക്കങ്ങൾ അവസാനിച്ചു, നെഹ്റു ട്രോഫി2024-ലെ ജലരാജാവ് കരിച്ചാൽ ചുണ്ടൻ തന്നെയെന്ന തീരുമാനവും വന്നു.