അജിത് കുമാറിനെ മാറ്റി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല

MR Ajithkumar IPS

വിവാദങ്ങള്‍ക്കൊടുവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി സർക്കാർ. പകരം ചുമതല ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് നല്‍കി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പുറത്തുവന്നതോടെയാണ് നടപടിയെടുക്കാൻ നിർബന്ധിതമായത്. അതേസമയം, എപി ബറ്റാലിയൻ്റെ ചുമതലയില്‍ അജിത് കുമാർ തുടരും. അതുകൊണ്ട് പേരിനൊരു നടപടിയെന്ന വിമർശനം ഉയരുന്നുണ്ട്.

ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറിയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം.

ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായ ഉദ്യോഗസ്ഥനാണ് എഡിജിപി അജിത് കുമാർ. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. അതേസമയം, അജിത് കുമാർ ബറ്റാലിയൻ‌ എഡിജിപിയായി തുടരും.

അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

MR Ajithkumar IPS and Manoj Abraham IPS
അജിത് കുമാർ ഐപിഎസ്, മനോജ് എബ്രഹാം ഐപിഎസ്

ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സർവീസ് ചട്ടലംഘനമാണെന്നും കൂടാതെ ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദർവേഷ് സഹേബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെയുള്ള റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

ഇതിന് പിന്നാലെ ഒരുദിവസം മുഴുവൻ നീണ്ടുനിന്ന മാരത്തോണ്‍ ചർച്ചകള്‍ക്ക് ശേഷമാണ് അജിത് കുമാറിനെതിരെ നടപടി. ഡിജിപി നേരിട്ടാണ് 300 പേജുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments