ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ കൊടുമുടിയില്‍ കുടുങ്ങിയ രണ്ട് പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി. ചമോലി ജില്ലയിലെ ചൗഖംബ കൊടുമുടിയിലേക്കുള്ള യാത്രാമധ്യേ ആണ് 6,015 മീറ്റര്‍ ഉയരത്തില്‍ രണ്ട് വിദേശ വനിതകള്‍ കഴിഞ്ഞ ദിവസം കുടുങ്ങിയത്. മിഷേല്‍ തെരേസ ദ്വോറക്കും യുകെയില്‍ നിന്നുള്ള ഫാവ് ജെയ്ന്‍ മാനേഴ്സും ഒക്ടോബര്‍ 3 മുതല്‍ ഒറ്റപ്പെട്ടു മലയില്‍ കുടുങ്ങിയിരുന്നു. ഇന്ത്യ മൗണ്ടനീയറിംഗ് ഫൗണ്ടേഷന്റെ ഒരു വിദേശ പര്‍വതാരോഹണ പര്യവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അവരെത്തിയത്.
6,995 മീറ്റര്‍ ഉയരമുള്ള ചൗഖംബ കൊടുമുടിയിലേക്ക് പോകുമ്പോള്‍ ലോജിസ്റ്റിക്കല്‍, ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ താഴേക്ക് വീണതിനെ തുടര്‍ന്നാണ് ഇരുവരും കുടുങ്ങിയത്. ഞായറാഴ്ച രാവിലെയാണ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇവരെ രക്ഷപ്പെടുത്തിയത്. 60 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ മലയില്‍ കുടുങ്ങിയത്. ഒക്ടോബര്‍ നാലിന് ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, SDRF, NDRF, ആര്‍മി, ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ സംയുക്തമായിട്ടാണ് ഓപ്പറേഷന്‍ നടത്തിയത്. പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പര്‍വതാരോഹണ പരിശീലനം ലഭിച്ച സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളും ശനിയാഴ്ച അവരോടൊപ്പം ചേര്‍ന്നിരുന്നു. ഞായറാഴ്ച രാവിലെ രക്ഷപ്പെടുത്തിയ പര്‍വതാരോഹകരെ ആര്‍മി ഹെലികോപ്റ്ററില്‍ ജോഷിമഠ് ഹെലിപാഡില്‍ എത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.