രാഷ്ട്രിയ സാഹചര്യം അനുകൂലമല്ലെന്നും ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാകുമെന്നും ഇൻ്റലിജൻസ് റിപ്പോർട്ട്.
പൂരം കലക്കൽ, ആർഎസ്എസ് നേതാവിനെ എ.ഡി.ജി.പി കണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ, അൻവർ ആരോപണങ്ങൾ എന്നിവ സർക്കാരിന് തിരിച്ചടിയായി എന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു.
വയനാടും പാലക്കാടും യു.ഡി.എഫ് ജയിച്ചാലും അതിനോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര ജയിക്കാമെന്നായിരുന്നു ഇടതു പക്ഷത്തിൻ്റെ കണക്ക്കൂട്ടൽ. മാറിയ രാഷ്ട്രിയ സാഹചര്യത്തിൽ ചേലക്കരയും നഷ്ടപ്പെടും എന്നാണ് റിപ്പോർട്ട്. കെ. രാധാകൃഷ്ണൻ ആലത്തൂർ ലോകസഭ സീറ്റിൽ ജയിച്ചതിനെ തുടർന്നാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
39,400 വോട്ടിൻ്റെ വമ്പൻ ഭൂരിപക്ഷത്തിൽ ആയിരുന്നു ചേലക്കരയിൽ നിന്ന് 2021 ൽ കെ. രാധാകൃഷ്ണൻ ജയിച്ചത്. മന്ത്രിയായ രാധാകൃഷ്ണൻ വകുപ്പിലും കാര്യക്ഷമത പുലർത്തിയിരുന്നെങ്കിലും മരുമകൻ മുഹമ്മദ് റിയാസിന് വെല്ലുവിളി ആകുമെന്ന് മനസിലാക്കിയ പിണറായി ലോകസഭ സീറ്റിലേക്ക് മൽസരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ലോകസഭയിലേക്ക് മൽസരിക്കാൻ രാധാകൃഷ്ണന് താൽപര്യമില്ലായിരുന്നു. രാധാകൃഷ്ണന് പകരം മുൻ എം എൽ എ യു.ആർ. പ്രദീപ്, എ.കെ. ബാലൻ്റെ ഭാര്യ പി.കെ. ജമീല എന്നിവരെയാണ് എൽ.ഡി.എഫ് ചേലക്കരയിൽ പരിഗണിക്കുന്നത്.സിറ്റിംഗ് സീറ്റായ ചേലക്കരയിൽ പരാജയപ്പെട്ടാൽ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും.
അതുകൊണ്ട് തന്നെ ഇൻ്റലിജൻസ് റിപ്പോർട്ടിനെ വളരെ ഗൗരവത്തോടെയാണ് പിണറായി കാണുന്നത്. ലോകസഭ തെരഞ്ഞെടുപ്പിനേക്കാളും പിണറായി വിരുദ്ധ വികാരം സംസ്ഥാനത്ത് അതിശക്തമാണ്.ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ പിണറായി യുഗം അവസാനിക്കും എന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.