കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിലെ പ്രതികൾ പിടിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് പിടിയിലായത്. പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. എം ടിയുടെ കുടുംബവുമായി അടുത്തിടപഴകിയവരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.
പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, എം ടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സെപ്റ്റംബർ 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സ്വർണം ബാങ്ക് ലോക്കറിൽ ആയിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാൽ വീട്ടിലും ലോക്കറിലും ആഭരണം കണ്ടെത്താൻ കഴിയാതായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് നഷ്ടമായത്. അതേസമയം, അലമാരയ്ക്ക് സമീപമായിരുന്നു താക്കോൽ സൂക്ഷിച്ചിരുന്നത്. അതെടുത്ത് തുറന്നാണ് കള്ളൻ മോഷണം നടത്തിയത്.