നടൻ പ്രകാശ് രാജിനെതിരെ നിർമ്മാതാവ് എസ്. വിനോദ്കുമാർ ഗുരുതര ആരോപണവുമായി രംഗത്ത്. തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ, സെറ്റിൽ ആരോടും മിണ്ടാതെ പ്രകാശ് രാജ് കാരവനിൽ നിന്നിറങ്ങിപ്പോയതോടെ ഒരു കോടി രൂപയുടെ നഷ്ടം തനിക്ക് നേരിട്ടതായി വിനോദ്കുമാർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
പ്രകാശ് രാജ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമുള്ള ഒരു ചിത്രം ‘ജസ്റ്റ് ആസ്കിങ്’ ഹാഷ്ടാഗ് ഉപയോഗിച്ച് എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെ വിനോദ്കുമാർ കമന്റ് ചെയ്യുകയായിരുന്നു. ‘നിങ്ങള്‍ക്കൊപ്പമുള്ള രണ്ടുപേരും തിരഞ്ഞെടുപ്പിൽ ജയിച്ചവരാണ്, പക്ഷേ നിങ്ങള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങള്‍ എന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്കുണ്ടായ നഷ്ടം ഒരു കോടി രൂപയാണ്. എന്തായിരുന്നു അതിന് കാരണം? ചോദിച്ചെന്നേയുള്ളൂ.. എന്നെ വിളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു, പക്ഷേ വിളിച്ചതുമില്ല’ എന്നായിരുന്നു ട്വീറ്റ്.
വിനോദ്കുമാർ ഉയർത്തിയ ഈ ആരോപണങ്ങൾക്ക് ഇതുവരെ പ്രകാശ് രാജ് മറുപടി നൽകിയിട്ടില്ല. 2021ലാണ് താരം എനിമി എന്ന ചിത്രം ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ജൂനിയര്‍ എന്‍ടിആറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവരയിലാണ് പ്രകാശ്രാജ് ഏറ്റവുമൊടുവിലായി പ്രത്യക്ഷപ്പെട്ടത്. വരാനിരിക്കുന്ന ചിത്രങ്ങളിൽ ഗെയിം ചേഞ്ചർ, കങ്കുവ, 69 എന്നിവയാണ് പ്രധാനമായവ.
രാഷ്ട്രീയത്തിൽ കാൽവെച്ച പ്രകാശ് രാജ് 2019 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും, വലിയ തോൽവി നേരിട്ടു.