കൊച്ചി: ലൈംഗിക പീഡന ആരോപണ കേസിൽ അന്വേഷണവുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകിയാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ഇടക്കാല ജാമ്യം നേടിയത്. എന്നാൽ ഇതുവരെ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. ഇടക്കാല ജാമ്യ ഉത്തരവ് വീണ്ടും കോടതി പരിശോധിക്കുമ്പോൾ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വാദമുയർത്തി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കമെന്നാണ് വിലയിരുത്തൽ. സിദ്ദിഖ് ഒളിവിൽ പോയപ്പോൾ അന്വേഷിച്ച് നടന്ന പൊലീസിന് ജാമ്യം കിട്ടി സിദ്ദിഖ് പുറത്ത് എത്തിയിട്ടും ഇത്ര ദിവസമാണ് ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇട നൽകുന്നതാണ്.
എന്നാൽ സിദ്ദിഖ് ഒരുമുഴം നീട്ടി എറിയുകയാണ്. ഇതിനകം തന്നെ സിദ്ദിഖ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് അന്വേഷണ സംഘത്തിന് മെയിൽ അയച്ചു. എന്നാൽ പൊലീസ് മറുപടി നൽകിയിരുന്നില്ല. ഇത് കോടതിയിൽ എത്തിയാൽ പൊലീസ് വീഴ്ച ആണെന്ന് സിദ്ദിഖിന് വാദം ഉയർത്താൻ കഴിയും.
ഇതിലെ അപകടം തിരിച്ചറിഞ്ഞ അന്വേഷണ സംഘം പെട്ടെന്ന് തന്നെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുകയാണ്. വിവരശേഖരണമെന്ന പേരിൽ നോട്ടീസ് നൽകിയ പൊലീസ് ലക്ഷ്യമിടുന്നത് പ്രാഥമിക ചോദ്യം ചെയ്യലാണ്. നാളത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്ന് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കാനാണ് സാധ്യത. ഇങ്ങനെ മുൻകൂർ ജാമ്യം തടയാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷ.
സിദ്ദിഖ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി തനിക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കുന്ന തെളിവുകളുമായിട്ടാകും പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാക്കുക. വ്യക്തിഹത്യ, സാമ്പത്തിക താൽപര്യം തുടങ്ങിയവയാണ് കേസിന് പിന്നിലെന്നും സിദ്ദിഖ് വാദിക്കും. എട്ടു വർഷങ്ങൾക്ക് ശേഷം പരാതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. ഈ വാദങ്ങൾ തന്നെയാണ് മുൻകൂർ ജാമ്യം കിട്ടാൻ സുപ്രിം കോടതിയിലും ഉന്നയിച്ചത്.