അൻവറിനെ പാർട്ടിയിൽ ചേർക്കില്ലെന്നു ഡിഎംകെ

PV anvar MLA press meet
പിവി അൻവർ എംഎൽഎ

ചെന്നൈ: സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച നിലമ്പൂർ എം.എൽ.എ. പിവി അൻവർ സ്വന്തം സംഘടനയുമായി രംഗത്തുവന്നതിന് പിന്നിൽ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയുടെ തിരസ്കാരം. അൻവർ ഡി.എം.കെയിൽ ചേരാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ, സംസ്ഥാനത്തും ദേശീയതലത്തിലും സി.പി.എമ്മിന്റെ സഖ്യകക്ഷിയായ ഡി.എം.കെ. അന്‍വറിനെ പാർട്ടിയിലെടുക്കില്ലെന്ന് കടുത്ത നിലപാടെടുക്കുകയാണ് ഉണ്ടായത്.

ഡിഎംകെ വക്താവും മുന്‍ രാജ്യസഭാ എംപിയുമായ ടികെഎസ് ഇളങ്കോവനെ മാധ്യമങ്ങൾ ഇക്കാര്യം വെളിപ്പെടുത്തുന്നു. മറ്റു പാർട്ടികളിൽ നിന്ന് ഉടക്കി വരുന്നവരെ പാർട്ടിയിലെടുക്കുന്ന പാരമ്പര്യം ഡി.എം.കെയ്ക്കില്ലെന്നും സി.പി.എം ഡി.എം.കെയുടെ സഖ്യകക്ഷിയാണെന്നും ഇളങ്കോവൻ വ്യക്തമാക്കുന്നു.

ഇതിനെ തുടർന്നാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിക്കുന്ന കാര്യം അൻവർ പ്രഖ്യാപിച്ചത്. ഇതൊരു രാഷട്രീയ പാര്‍ട്ടിയല്ല, സോഷ്യല്‍ മൂവ്‌മെന്റ് മാത്രമാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ ഡി.എം.കെ. എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുതുഗൈ എംഎം അബ്ദുള്ളയും നിഷേധിച്ചു. അന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുതുഗൈ അബ്ദുള്ള വിശദീകരിച്ചു. ‘തനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അന്‍വറിനെ അറിയാമെന്നും അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുക പതിവാണെന്നും അന്‍വര്‍ സ്വന്തം പാര്‍ട്ടി തുടങ്ങുകയാണെന്നും ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അക്കാര്യം നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഡിഎംകെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ ഒരു ഡിഎംകെയുണ്ട്. കേരളത്തിലൊരു ഡിഎംകെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. മതേതരസമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് എം.കെ.സ്റ്റാലിന്‍. പരിപാടികള്‍ കാണാനും നിരീക്ഷിക്കാനും മതേതര സ്വഭാവമുള്ള ഉത്തരവാദപ്പെട്ടവര്‍ ഉണ്ടാകും. എന്നാല്‍, നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്‌വര്‍ക്ക് സിസ്റ്റം ഉണ്ടാകും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments