ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ പ്രതിവർഷം 1000 ടൺ സ്വർണ്ണമാണ് കച്ചവടം ചെയ്യപ്പെടുന്നത്. അതിൻ്റെ 30% ശതമാനവും കേരളത്തിൻ്റെ സംഭാവനയാണ്. 2016-ലെ ലോക ഗോൾഡ് കൗൺസിലിൻ്റെ കണക്ക് പ്രകാരം കേരളത്തിലെ ഒരു മദ്ധ്യവർഗ്ഗ കുടുംബാംഗം ശരാശരി 320 ഗ്രാം സ്വർണ്ണം ധരിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തി ധരിക്കുന്നത് 180 ഗ്രാം മാത്രമാണ്. കേരളത്തിൻ്റെ പ്രതിവർഷ സ്വർണ്ണ ഉപയോഗം 200 മുതൽ 300 ടൺ വരെ വരും.
എന്നാൽ ഈ നടക്കുന്ന കച്ചവടത്തിൻ്റെ 65% ഉം നികുതി വലക്ക് പുറത്താണ്. സർക്കാർ വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്കിൽ 2022 -23 ൽ സ്വർണ്ണ കച്ചവടത്തിൻ്റെ ടേണോവർ കേവലം 101668.96 കോടി മാത്രമാണ്. അതിൽ 80% ഓളം വഹിക്കുന്നത് വിരലിൽ എണ്ണാവുന്ന മുൻ നിര കച്ചവടക്കാരും. 2016 ൽ ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 2820 രൂപ ആയിരുന്നപ്പോൾ 653 കോടി നികുതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഗ്രാമിന് 6649 ആയിട്ടും സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി 350 കോടി മാത്രമാണ്. അപ്പോൾ എക്കണോമിയുടെ വലുപ്പം 3 ഇരട്ടി വർദ്ധിച്ചിട്ടും നികുതി വളർച്ചയില്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
അതേസമയം, സ്വർണ്ണ വില്പനയിൽ നിന്നുള്ള നികുതി ശോഷണത്തെക്കുറിച്ച് ചോദിച്ചാൽ ധനമന്ത്രിയുടെ മറുപടി അതിലും വിശേഷമാണ്. വാറ്റ് കാലത്ത് സ്വർണ്ണത്തിൻ്റെ നികുതി നിരക്ക് 5% ആയിരുന്നത് GST വന്നപ്പോൾ 3% ആയി. എന്നാൽ ഇതിൽ പകുതി കേന്ദ്രവുമായി പങ്കിട്ടെടുക്കണമെന്നാണ് കെ എൻ ബാലഗോപാൽ പറയുന്നത്. എന്നാൽ വാറ്റ് കാലത്ത് 5% നികുതി നിരക്ക് ആയിരുന്നെങ്കിലും സ്വർണ്ണ വ്യാപര മേഖലയിൽ നിലനിന്നിരുന്ന പ്രത്യേക കോമ്പോസിഷൻ സ്കീമിൽ നികുതി നിരക്ക് 1.25% ആയിരുന്നു.
90 % അധികം വ്യാപാരികളും നികുതി അടിച്ചിരുന്നത് ഈ സ്കീമിലാണ്. അപ്പോൾ യഥാർഥത്തിൽ നികുതി നിരക്ക് ഇർട്ടിയിലധികമായി. കൂടാതെ, സ്വർണ്ണവില മൂന്ന് ഇരട്ടി കച്ചവടക്കാരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. എന്നാൽ ഇത്രയും സാഹചര്യം ഉണ്ടായിട്ടും നികുതി വരുമാനം 2016 ന് സമാനമാണ് എന്ന കണക്ക് വിരൽ ചൂണ്ടുന്നത് നികുതി വകുപ്പിൻ്റെ പിടിപ്പ് കേടിലേക്ക് തന്നെയാണ്.