CricketSports

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെ കോപ്പിയടിച്ചു, പൈസ വേണമെന്ന് ട്രോളി മൈക്കൽ വോൺ

ഇംഗ്ലണ്ടിൻ്റെ ബാസ്‌ബോൾ ശൈലി ഇന്ത്യ കോപ്പിയടിച്ചതാണെന്ന വാദവുമായി ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് വോണിൻ്റെ വിചിത്രവാദം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ശൈലി ഇന്ത്യ കോപ്പിയടിച്ചതെന്നാണ് മൈക്കൽ വോൺ പറയുന്നത്. വിവാദ പരാമർശത്തിന് നിരവധി വിമർശനങ്ങളാണ് വോണിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിനൊപ്പം നടത്തിയ ചർച്ചയിലാണ് ഇംഗ്ലണ്ടിൻ്റെ ‘ബാസ്ബോൾ’ രീതിയുമായി ഇന്ത്യയുടെ ബാറ്റിങ് ശൈലി താരതമ്യപ്പെടുത്തി വോൺ സംസാരിച്ചത്. “വളരെ ശ്രദ്ധേയമായ ഒരു മത്സരമായിരുന്നു ഇത്. കാൺപൂരിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ച ശൈലി എന്നെ അതിശയിപ്പിച്ചു. ഇന്ത്യ ഇപ്പോൾ ബാസ്‌ബോൾ കളിക്കുന്ന ടീമായി മാറിയതിൽ സന്തോഷമുണ്ട്. അവർ ഇംഗ്ലണ്ടിനെ കോപ്പിയടിക്കുകയാണ് ചെയ്തത്”, വോൺ ചൂണ്ടിക്കാട്ടി.

നിയമവശങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഇംഗ്ലണ്ടിന് ഇന്ത്യ പണം നൽകേണ്ടിവരുമോയെന്നും വോൺ തമാശയോടെ ചോദിക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിൻ്റെ പേരിനെ അനുസ്മരിപ്പിച്ച് ഇത് ഇന്ത്യയുടെ സ്വന്തം ‘ഗംബോൾ’ ശൈലിയാണെന്നായിരുന്നു ഗിൽക്രിസ്റ്റ് മറുപടി നൽകിയത്. അങ്ങനെയെങ്കിൽ ‘ഗംബോൾ’ ബാസ്ബോളിന് സാമ്യമുള്ളതായി തോന്നുന്നെന്നാണ് വോൺ തിരിച്ചടിച്ചത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യ ദിവസം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. പിന്നീട് രണ്ട് ദിവസം മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം നഷ്ടമായി. നാലാം ദിവസം മൂന്നിന് 107 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് 233 റൺസിൽ എല്ലാവരും പുറത്തായി.

മറുപടി പറഞ്ഞ ഇന്ത്യ T20യുടെ ബാറ്റിങ് ശൈലിയാണ് സ്വീകരിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ ഒമ്പതിന് 285 എന്ന സ്‌കോറിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് 146 റൺസിന് എല്ലാവരും പുറത്തായി. 95 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ ആധികാരികമായാണ് തൂത്തുവാരിയത്.

Leave a Reply

Your email address will not be published. Required fields are marked *