ന്യു ഡൽഹി: മധ്യേഷ്യയിലെ യുദ്ധസാഹചര്യം ഇറാൻ ഇസ്രായേൽ പോരാട്ടമായി മാറിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടി. ഇറാൻ ഇസ്രായേലിന് മേൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുദ്ധം അന്താരാഷ്ട്ര വിപണിയിലും പ്രതിഫലിച്ചത്. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് എണ്ണവിലയെ സ്വാധീനിക്കുന്ന പ്രത്യക്ഷ ഘടകം. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) പ്രധാന അംഗമാണ് ഇറാൻ.
ലെബനനിൽ ഇസ്രായേൽ ഹിബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പോരാട്ടം ഇറാനും ഇസ്രയേലും തമ്മിലായത്. അപ്രതീക്ഷിത ആക്രമണം ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുമുണ്ട്. ഇന്നലെ മാത്രം ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനമാണ് കൂടിയത്.
എണ്ണവില ഉയരുന്ന പ്രതിഭാസം തുടരുകയാണെങ്കിൽ അത് ഇന്ത്യയിലെ ഇന്ധന വിലയിലും പ്രതിഫലിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് വിലയിൽ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. യെമനിലെ ഹൂതി വിമതർക്കെതിരെയും ഇസ്രായേൽ പോരാട്ടം നടത്തുന്നതോടെ സംഘർഷം കടുക്കുമെന്ന ആശങ്കയുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ക്രൂഡ് ഓയിലിന്റെ വില. ഇന്ധന ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതേസമയം ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതും ഇന്ത്യയുടെ വിപണിക്ക് കരുത്ത് പകരുന്ന വ്യവസായമാണ്. എണ്ണവിലയിലെ വ്യതിയാനം ഇന്ത്യൻ ഓഹരി വിപണിയിലും വലിയ തകർച്ചയ്ക്ക് കാരണമായിരുന്നു. ഇന്നും ഓഹരി വിപണിയുടെ തകർച്ച തുടരുകയാണ്, സെൻസെക്സ് ഏകദേശം 800 പോയിൻറ് ആണ് ഇന്ന് ഇടിഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ്പിഎല് എന്നിവയാണ് കൂടുതല്‍ നഷ്ടംനേരിട്ടത്.