Cinema

‘ദളപതി 69’: ആരാധകരില്‍ ആശങ്ക സൃഷ്ടിച്ച് ആ വാർത്ത!

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ദളപതി 69’. വിജയ് ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി 69’. കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ താരനിര ഇപ്പോള്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ബോബി ഡിയോള്‍, പൂജ ഹെഗ്‍ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയമണി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പ്രഖ്യാപിച്ചു.

എന്നാല്‍, പുതിയ അഭ്യൂഹം താരത്തിന്റെ ആരാധകരില്‍ നിരാശയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. ‘ദളപതി 69’ തെന്നിന്ത്യന്‍ സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ റീമേക്ക് ആണെന്നുള്ളതാണ് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത. നേരത്തെയും ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

‘ദളപതി 69’ പുതിയൊരു തിരക്കഥയാണെന്നും, സംവിധായകന്‍ എച്ച്.വിനോദ് റീമേക്കുകള്‍ ചെയ്യുന്ന ആളല്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ബാലയ്യയുടെ ചിത്രം വിജയ് എടുക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ കമല്‍ഹാസനെ വച്ച് ചെയ്യാനിരുന്ന ചിത്രമാണ് എച്ച്.വിനോദ് വിജയ്‍യെ വച്ച് ചെയ്യുന്നതെന്നും വിവരമുണ്ട്.

തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഭഗവന്ത് കേസരി’, 112.75 കോടി രൂപയുടെ ആഗോള കളക്ഷനുമായി നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഹാട്രിക് വിജയം നേടിക്കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *