തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 2024 ഡിസംബർ 3 മുതൽ 7 വരെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 63 ആം സംസ്ഥാന സ്കൂൾ കലോത്സവം മാറ്റിവെച്ചു. മാറ്റിവെച്ച കലോത്സവം 2025 ജനുവരി ആദ്യവാരം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. നാഷണൽ അച്ചീവ്മെന്റ് സർവ്വെ പരീക്ഷ നടത്തുന്നതിനാലും തുടർന്ന് രണ്ടാം പാദ വാർഷിക പരീക്ഷകൾ നിശ്ചയിച്ചിരുക്കുന്നതിനാലും കലോത്സവം ജനുവരിയിലേക്ക് നീട്ടി വയ്ക്കുന്നുവെന്നാണ് മന്ത്രിയുടെ അറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മന്ത്രി ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ജനുവരി ആദ്യവാരം സംസ്ഥാന കലോത്സവം ഉണ്ടാകുമെന്ന് മാത്രമാണ് മന്ത്രി സൂചിപ്പിച്ചിരുന്നത്. കൃത്യമായ തിയതി പിന്നീടറിയിക്കും എന്നും അദ്ദേഹം പറയുന്നു. ഡിസംബർ 4 ന് ദേശീയ അടിസ്ഥാനത്തിൽ നാഷണൽ അച്ചീവ്മെന്റ് സർവ്വെ പരീക്ഷ നടത്താൻ തീരുമാനിച്ച വിവരം കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സർക്കുലർ പ്രകാരം അറിയിച്ചിട്ടുണ്ടെന്നും ഇതിനാലാണ് മുൻനിശ്ചയിച്ച കലോത്സവം നീട്ടി വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി..
ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒമ്പതാം ക്ലാസ്സിലെ കുട്ടികളും NAS പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതിരിക്കുന്ന സാഹചര്യം ഉണ്ടാകും.
ഡിസംബർ മാസത്തിൽ 12 മുതൽ 20 വരെ രണ്ടാം പാദ വാർഷിക പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ ക്രിസ്തുമസ് അവധി ആയിരിക്കുന്നതിനാലും കേരള സ്കൂൾ കലോത്സവം നേരത്തെ നിശ്ചയിച്ച തീയതിയിൽ നടത്താൻ ആകാത്ത സാഹചര്യമുണ്ട്, അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു. അതിനാൽ ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് കലോത്സവം സംഘടിപ്പിക്കുമെന്നും കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ജനുവരിയിലേക്ക് സംസ്ഥാന കലോത്സവം മാറ്റിവെച്ച സാഹചര്യത്തിൽ സ്കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിലും മാറ്റമുണ്ടാകും. സ്കൂൾതലത്തിലുള്ള മത്സരങ്ങൾ ഒക്ടോബർ 15 നകവും സബ്ജില്ലാതല മത്സരങ്ങൾ നവംബർ 10 നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3 നകവും പൂർത്തീകരിക്കാനാണ് പദ്ധതി.
അതോടൊപ്പം കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ നൃത്ത രൂപങ്ങൾ ഉൾക്കൊള്ളിക്കാൻ തീരുമാനം ആയതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തദ്ദേശീയ നൃത്ത രൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് മന്ത്രി അറിയിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;