കോഴിക്കോട്: സാമൂഹിക മാധ്യമത്തിൽ നേരിടുന്ന സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അർജുൻ്റെ കുടുംബം. ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് എസിപിക്ക് അർജുൻ്റെ സഹോദരി അഞ്ജു പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാകും കേസ് അന്വേഷിക്കുക. സഹിക്കാനാകാത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും പരാതിയിൽ പറയുന്നു. മനാഫിനും മാൽപയ്ക്കും എതിരെ രക്ഷാപ്രവർത്തനം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന പേരിൽ കർണ്ണാടക പൊലീസ് കേസെടുത്തിരുന്നു.
അതേസമയം ലോറി ഉടമ മനാഫിനെതിരെ അർജുൻ്റെ സഹോദരിയും സഹോദരീ ഭർത്താവും പരാതിയുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. മനാഫ് വൈകാരികത ചൂഷണം ചെയ്തെന്നും അര്‍ജുൻ്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. കുടുംബത്തിൻ്റെ പേരിൽ പല കോണുകളില്‍ നിന്നും പണം പിരിക്കുന്നതായും ജിതിൻ ആരോപിച്ചിരുന്നു.
കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇതുവരെ മിണ്ടാതെ ഇരുന്നതെന്നും ഇപ്പോൾ ഇതെല്ലാം പറയിപ്പിച്ചതാണെന്നും ജിതിൻ പറഞ്ഞു. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞതും നുണയാണെന്ന് ജിതിൻ ആരോപിച്ചു. വൈകാരികത ചൂഷണം ചെയ്യുന്ന നടപടിയിൽ നിന്ന് പിന്മാറണം എന്നും അർജുൻ്റെ കുടുംബം പറഞ്ഞു.
എന്നാൽ അർജുൻ 75000 ശമ്പളം ഒപ്പിട്ട് വാങ്ങിയ രേഖകൾ ഉണ്ടെന്നായിരുന്നു മനാഫ് പ്രതികരിച്ചത്. ആരോപണമെല്ലാം മനാഫ് തള്ളിക്കളയുകയായിരുന്നു. അര്‍ജുൻ്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്നും ഇതിന്മേലുള്ള വിവാദം അവസാനിപ്പിക്കണം എന്നും മനാഫ് ആവശ്യപ്പെട്ടു. പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിൻ്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് പറഞ്ഞു.