ഹൈദരാബാദ്: നടി സാമന്തയുമായി തന്റെ മകന്റെ വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചുള്ള തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ നടന് നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമാ സൂപ്പര്‍താരവുമായ നാഗാര്‍ജുന അക്കിനേനി പരാതി നല്കി. ഹൈദരാബാദിലെ നാമ്പള്ളി ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
പരാതിക്കാരന്റെ വ്യക്തിപരവും പ്രൊഫഷണലും കുടുംബപരവുമായ പ്രശസ്തി നശിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഈ ആരോപണങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ നാഗാര്‍ജുന ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനും സെന്‍സേഷണലിസത്തിനും വേണ്ടി പരാതിക്കാരന്റെയും കുടുംബത്തിന്റെയും പ്രശസ്തിക്ക് ഹാനി വരുത്താന്‍ ഉദ്ദേശിച്ച് പൊതുസമൂഹത്തില്‍ കള്ളക്കഥകള്‍ എത്തിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രസ്താവന നടത്തിയതെന്നും പരാതിയില്‍ പറയുന്നു. നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന് കെ.ടി. രാമറാവു ആണ് കാരണമെന്ന് കൊണ്ടാ സുരേഖ ആരോപിച്ചിരുന്നു. ഇത് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.