പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണ് ബാബർ അസം. ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പാകിസ്ഥാൻ ബോർഡിൽ (PCB) നിന്നും ലഭിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം വീണ്ടും രാജി വെച്ചിരിക്കുകയാണ് ബാബർ. ഒരു വർഷത്തിൽ തന്നെ രണ്ടാം തവണയാണ് ബാബർ, ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നത്.
“പാക് ടീമിനെ നയിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നു. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ക്യാപ്റ്റന്‍സി എന്നത് ഒരു ബഹുമതിയാണ്. എന്നാല്‍ അത് ജോലിഭാരം കൂട്ടിയിരിക്കുന്നു. എൻ്റെ പ്രകടനത്തിന് മുന്‍ഗണന നല്‍കാനും ബാറ്റിങ് ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു, അതെന്നില്‍ സന്തോഷം കൊണ്ടുവരും’ -ബാബര്‍ പറഞ്ഞു.
2019 മുതൽ 2024 വരെ ബാബർ പാക്കിസ്ഥാൻ്റെ നായകനായി തുടർന്നിരുന്നു. ക്യാപ്റ്റൻ ആയ ശേഷം 2022 ടി-20 ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കാനും സാധിച്ചു.
എന്തുകൊണ്ട് ബാബർ?
ഏഷ്യ കപ്പിലും, ഏകദിന ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാൻ പുറത്തായത് കൊണ്ട് ബാബറിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനു ശേഷം തൻ്റെ ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു. എന്നാൽ ആഴ്ചകളുടെ വ്യത്യാസത്തിൽ തിരികെ വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റു.
പക്ഷെ വീണ്ടും വീണ്ടും നിരാശയാണ് ബാബർ സമ്മാനിച്ചത്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ബാബറിൽ നിന്ന് മോശമായ പ്രകടനമാണ് ഉണ്ടായത്. ഏത് ചെറിയ ടീമിന് വരെ ഇപ്പോൾ പാകിസ്ഥാൻ ടീമിനെ തോൽപിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.
വിമർശനങ്ങൾ ഉയർന്നു വന്നത് കൊണ്ട് ബാബർ തൻ്റെ ക്യാപ്റ്റൻ സ്ഥാനം ഇപ്പോൾ വീണ്ടും രാജി വെച്ചിരിക്കുകയാണ്. ജോലി ഭാരം അധികമാണെന്നും അത്കൊണ്ട് ബാറ്റിംഗിൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല എന്ന കാരണമാണ് ബാബർ പറഞ്ഞത്. അവസാനം കളിച്ച 15 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തിന് ഒരു സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഏകദിന, ടി-20 ലോകകപ്പിലും മോശമായ പ്രകടനമാണ് നടത്തി വരുന്നത്.
അടുത്ത ക്യാപ്റ്റൻ ആരാകും?
ബാബർ അസം, ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ അടുത്ത ക്യാപ്റ്റനായി ആര് വരും എന്ന ആശങ്കയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. നിലവിലെ സാഹചര്യത്തിൽ അത് പേസ് ബോളർ ഷഹീൻ അഫ്രിദിയുടെ കൈകളിലേക്കോ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനിലേക്കോ പോകാനാണ് സാധ്യത കൂടുതൽ.